തിരുവനന്തപുരം നഗരൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. നഗരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്വകാര്യ പുരയിടത്തില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഭൂ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
കാട്ടുപന്നികളെ കുരുക്കാന്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയാണ് ഒരച്ഛന്‍റെയും മകന്‍റെയും ജീവന്‍ ഒരുമിച്ച് കവര്‍ന്നത്. നഗരൂര്‍ ചെമ്മരുത്തുമുക്കില്‍ കോണത് വീട്ടില്‍ കൊച്ചുണ്ണി, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. കൊച്ചുണ്ണി തെങ്ങ് കയറ്റ തൊഴിലാളിയും അരുണ്‍ കൂലിത്തൊഴിലാളിയുമാണ്. വേണുഗോപാലന്‍ പോറ്റി എന്നയാളാണ് വൈദ്യുതി വേലി സ്ഥാപിച്ച ഭൂമിയുടെ ഉടമസ്ഥന്‍. ഇദ്ദേഹത്തിന്‍റെ ജോലിക്കാരന്‍ ഇന്ന് രാവിലെ പുരയിടത്തില്‍ എത്തിയപ്പോഴാണ് രണ്ട് പേരും മരിച്ച് കിടക്കുന്നത് കണ്ടത്.
കാര്‍ഷിക വിളകള്‍ കാട്ടു പന്നികള്‍ നശിപ്പിക്കുന്നത് തടയാനാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. ഇതിന് പക്ഷെ, ഉടമ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. വൈദ്യുതി വേലിയാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന സൂചന ബോര്‍ഡുകളും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉടമയ്ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.