തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. 2036-ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ബിജെപി വ്യക്തമാക്കുന്നു.
എല്ലാവർക്കും വീട്, തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച മൂന്ന് നഗരങ്ങളിലൊന്നായി മാറ്റും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. എന്നാൽ ഒളിമ്പിക്സ് ഇന്ത്യയിൽ നടക്കുമോ എന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ലെന്നിരിക്കെയാണ് ബിജെപിയുടെ വാഗ്ദാനം.
ഇന്ത്യ കൂടാതെ ഇന്തോനീഷ്യ, ഖത്തർ, സൗദി, തുർക്കി അങ്ങനെ ഒട്ടേറെ രാജ്യങ്ങൾ ആ 2036 ലെ ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. അതിൽ ഒരു തീരുമാനം എടുത്തിട്ടില്ല. അങ്ങനെ ഇരിക്കുകയാണ് 2036 ൽ ഒളിമ്പിക്സ് തിരുവനന്തപുരത്ത് നടക്കും എന്ന ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായിട്ട് ബിജെപി വന്നിരിക്കുന്നത്. ബിജെപി ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ തീവ്രശ്രമമാണ് നടത്തുന്നത്. ഭരണം പിടിക്കാൻ വേണ്ടി എന്തെങ്കിലും വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നതാണ് പ്രകടന പത്രിക എന്ന ആക്ഷേപമാണ് എൽഡിഎഫും യുഡിഎഫും ആക്ഷേപിക്കുന്നത്.