അപകടഭീഷണിയെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അധികാരികള്‍ അനങ്ങാതിരിക്കുന്നതിനിടെ തിരുവനന്തപുരം ചാല യു.പി.സ്കൂളിന്‍റെ മതില്‍ തകര്‍ന്നു വീണു. കുട്ടികള്‍ ഓടിക്കളിക്കുന്ന ഭാഗത്തേക്കുള്ള മതില്‍ വീഴ്ച അവധി ദിനത്തിലായതിനാല്‍ അത്യാഹിതം ഒഴിവായി. വിദ്യാഭ്യാസ മന്ത്രിയെയും മേയറെയും നേരില്‍ക്കണ്ട് നിരവധിതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആരോപണം.
അത്യാഹിതമുണ്ടായാല്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും അതുവരെ അനങ്ങാതിരിക്കുകയും ചെയ്തതിന്‍റെ ബാക്കിപത്രം. ചാഞ്ഞ്, ചാഞ്ഞ് അടിത്തറയിളകി നിലംപൊത്താന്‍ തുടങ്ങിയ സംരക്ഷണഭിത്തി കനത്തമഴയില്‍ പൂര്‍ണമായും മണ്ണടിഞ്ഞു. റോഡിലേക്കല്ല. നേരിട്ട് സ്കൂള്‍ മുറ്റത്തേക്കായിരുന്നു വീഴ്ച. പഠനമുണ്ടായിരുന്ന ദിവസമായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് രക്ഷിതാക്കള്‍.
അപകടവിവരം പലതവണ അധികാരികളെ അറിയിച്ചിരുന്നതാണ്. വരട്ടെ നോക്കാമെന്ന പതിവ് മറുപടി നല്‍കി തിരിച്ചയച്ചു. ഇനിയും സമാന അവസ്ഥയില്‍ അടുത്ത സ്കൂളുകളുടെയും സംരക്ഷണഭിത്തി നിലംപൊത്താറിയിട്ടുണ്ട്. കനത്ത മഴയും കാറ്റും തുടരുന്നുമുണ്ട്. ചാല യു.പി സ്കൂളിനോട് ചേര്‍ന്നുള്ള കൂറ്റന്‍ മരത്തിന്‍റെ കാര്യം ഇനിയെങ്കിലും മറന്ന് പോകരുതെന്ന് അധ്യാപകരും രക്ഷിതാക്കളും.