waste-management

മാലിന്യം വലിച്ചെറിയുന്നതിന്‍റെ തെളിവ് നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം. രണ്ടായിരത്തി അഞ്ഞൂറ് രൂപയെന്ന പരിധി ഒഴിവാക്കിയതിനൊപ്പം മാലിന്യം തള്ളുന്നതിനെതിരെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടെന്നും തദ്ദേശവകുപ്പ്. വാട്സ്ആപ്പ് നമ്പര്‍ നടപ്പാക്കിയ ശേഷം മാലിന്യം തള്ളിയതിന് മുപ്പത്തി മൂന്നര ലക്ഷം രൂപ പിഴയും ഈടാക്കി. 

9446700800 എന്ന വാട്സ്ആപ്പ് നമ്പരില്‍ നിരവധി പരാതികളെത്തുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടിയെടുക്കാനും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.  ചാക്കിലും പ്ലാസ്റ്റിക് കവറിലുമാക്കി മാലിന്യം വലിച്ചെറിയുന്നവര്‍ ഇനി ശ്രദ്ധിക്കുക. നിങ്ങളെ കുരുക്കാന്‍ ഇരട്ടി ജാഗ്രതയോടെ നിരീക്ഷണ സംവിധാനങ്ങളുമായി സര്‍ക്കാര്‍ ഇടപെടലുണ്ട് . 

മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതും സംബന്ധിച്ച് 8674 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൃത്യമായ വിവരങ്ങള്‍ സഹിതം ലഭിച്ച 5361 പരാതിക‍ളില്‍ നടപടി സ്വീകരിച്ചു. ഇതില്‍ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടിയെടുത്തു. 439 കേസുകളില്‍ കുറ്റക്കാര്‍ക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി.

വാട്സ്ആപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 31 പേര്‍ക്കെതിരെ നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ്. കുറവ് വയനാട് ജില്ലയില്‍. തെളിവുകളോടെ വിവരം നല്‍കുന്ന മുഴുവന്‍ ആളുകള്‍ക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. 

ENGLISH SUMMARY:

Kerala's Local Self-Government Department is now offering informants a quarter of the fine collected from illegal waste dumpers, with no upper limit on the reward, to boost public participation. The department has collected ₹33.5 lakhs in fines since implementing a WhatsApp number (9446700800) for complaints, leading to actions on over 5,300 cases and legal proceedings against 31 individuals. A dedicated control room monitors these complaints, with most reports coming from Ernakulam and Thiruvananthapuram.