തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടിത്തം. നിരവധി വീടുകൾക്കൊപ്പം ഇതിനോട് ചേർന്നാണ് ഭാരത് ഗ്യാസിൻ്റെ റീ ഫില്ലിങ് പ്ലാൻ്റും വനിതാ പൊലീസ് ബറ്റാലിയനും പ്രവർത്തിക്കുന്നത് എന്നത് ആശങ്ക കൂട്ടി. ഏറെ ശ്രമകരമായി മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
ആശങ്ക നിറഞ്ഞ മണിക്കൂറുകൾ. ഉച്ചയോടെ പുകഞ്ഞുയർന്ന തീ നിയന്ത്രണ വിധേയമാക്കാൻ ഏറെ നേരമെടുത്തു. ഇരുപതിലേറെ അഗ്നിശമന സേന യൂണിറ്റുകൾ രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായി. ബി.പി.സി. എല്ലിൻ്റെയും തിരുവനന്തപുരം വിമാനത്താവളത്തിലെ അഗ്നിശമന സേന സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി. തീപിടിത്തത്തിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നതിനപ്പുറം അടിക്കാടെങ്കിലും വെട്ടി സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ.