vilapilsala

തിരുവനന്തപുരം വിളപ്പില്‍ശാല അരുവിപ്പുറത്ത് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രനെയാണ് രണ്ടാം ഭര്‍ത്താവ് രതീഷ് കൊലപ്പെടുത്തിയത്. രാത്രിയിലുണ്ടായ കൊലപാതകത്തില്‍ രതീഷിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യപിച്ചെത്തി വഴക്കിടുന്ന ശീലക്കാരനായ രതീഷ് കഴിഞ്ഞദിവസവും രാത്രിയില്‍ വിദ്യയുമായി കലഹിച്ചു. പിന്നാലെ മര്‍ദനം തുടങ്ങി. രതീഷിന്‍റെ സുഹൃത്താണ് മര്‍ദനവിവരം പൊലീസിനെ അറിയിച്ചത്. വിളപ്പില്‍ശാല പൊലീസെത്തി വിദ്യാ ചന്ദ്രനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദ്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. വഴക്കും മര്‍ദനവും പതിവെന്ന് നാട്ടുകാരന്‍.

ക്രൂരമര്‍ദനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിയില്‍ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്ത രതീഷ് കുറ്റസമ്മതം നടത്തി. രണ്ട് കുഞ്ഞുങ്ങളുടെ മാതാവായ വിദ്യാ ചന്ദ്രന്‍റെ രണ്ടാം ഭര്‍ത്താവാണ് രതീഷ്. ലഹരിക്കപ്പുറം കൊലയിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്ന് വിളപ്പില്‍ശാല പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Murder in Kerala is a tragic incident that occurred in Vilappilsala, Thiruvananthapuram, where a husband allegedly killed his wife. Police have arrested the accused and are investigating the circumstances surrounding the crime, including possible motives beyond intoxication.