വയനാട് പുൽപ്പള്ളി തൂപ്രയ്ക്ക് സമീപം കൂട്ടിലായ പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. അമരക്കുനി മേഖലയെ വിറപ്പിച്ച കടുവയാണിത്. പൂര്‍ണാരോഗ്യം വീണ്ടെടുക്കുന്നതുവരെ മൃഗശാല ആശുപത്രിയിലെ ഇന്‍പേഷ്യന്‍റായിരിക്കും ഈ പെണ്‍ കടുവ.
അഞ്ച് ആടുകളെ വകവരുത്തിയ കടുവ അമരക്കുനിയെ പത്ത് ദിവസത്തിലേറെയാണ് മുള്‍മുനയില്‍ നിര്‍ത്തിയത്. 23 ക്യാമറകള്‍ സ്ഥാപിച്ചും കുംകിയാനകളെ ഉപയോഗിച്ച് നിരീക്ഷിച്ചുമാണ് കടുവയെ പിടികൂടാന്‍ ശ്രമിച്ചത്. തെര്‍മല്‍ഡ്രോണ്‍ നിരീക്ഷവും നടത്തി. പല ഇടങ്ങളില്‍ ഇരകളെവച്ച് കൂടുസ്ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ഒടുവില്‍ തൂപ്രയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.
കുപ്പാടി പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ സന്ധ്യയ്ക്ക് ആറിനാണ് കടുവയുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രാവിലെ ഒന്‍പതോടെ തിരുവനന്തപുരത്തെത്തി. വഴിമധ്യേ താമരശ്ശേരി, തൃശൂര്‍, കോട്ടയം, ചടയമംഗലം എന്നിവിടങ്ങളില്‍ ജില്ലാ മൃഗഡോക്ടര്‍മാര്‍ കടുവയെ പരിശോധിച്ചിരുന്നു. ഇനി തിരുവനന്തപുരത്തെ മൃഗശാലയില്‍ കടുവയ്ക്ക് ചികില്‍സാ കാലമായിരിക്കും. ആരോഗ്യം വീണ്ടെടുക്കുന്നതോടെ കടുവ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തും.