കടുവാപ്പേടിയിൽ പത്തനംതിട്ട കോന്നി ചെങ്ങറയിലെ ടാപ്പിങ് തൊഴിലാളികളും നാട്ടുകാരും. കഴിഞ്ഞദിവസം കടുവയുടെ മുന്നിൽ പെട്ടതായി ഒരു ടാപ്പിങ് തൊഴിലാളി പറയുന്നു. വനപാലകർ പരിശോധന നടത്തിയെങ്കിലും കൃത്യമായ തെളിവു കിട്ടിയില്ല.
പത്തനംതിട്ട ചെങ്ങറ ഹാരിസൺ പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലെ കുറുമ്പെറ്റി ഡിവിഷനിൽ റബർ മരങ്ങൾ ടാപ്പിങ് നടത്തുന്നതിനിടെയാണ് മോനച്ചൻ കടുവയെ കണ്ടത്. പിന്നിൽ കരിയില അനങ്ങുന്നത് കേട്ടത്.ഹെഡ്ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ചുവന്ന കണ്ണുകൾ തിളങ്ങുന്നു.ലൈറ്റ് നല്ലതു പോലെ അടിച്ചപ്പോൾ തല ഉയർത്തി. കടുവയെന്ന് ഉറപ്പായി. ഉടൻ ജീവനും കൊണ്ട് ഓടുകയായിരുന്നു. പിന്നീട് എസ്റ്റേറ്റിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ മറ്റ് ടാപ്പിങ് തൊഴിലാളികളെയും വിവരം അറിയിച്ചു. എല്ലാവരും കൂടി ഓടി രക്ഷപെട്ടു. മോനച്ചൻ ഭയന്നു വിറച്ചു പനി പിടിച്ചു കിടപ്പിലായി.
ഞള്ളൂർ ഫോറെസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി.വേനൽക്കാലമായതിനാൽ കാൽപാദം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മോനച്ചൻ പറഞ്ഞ ലക്ഷണങ്ങൾ അനുസരിച്ച് കടുവയാണെന്നും ജാഗ്രത പാലിക്കണമെന്നും വനപാലകർ മുന്നറിയിപ്പ് നൽകി.കടുവ ഇറങ്ങിയതോടെ തോട്ടത്തിലെ നൂറ് കണക്കിന് തൊഴിലാളികളും,ചെങ്ങറ കൊന്നപ്പാറ,അതുമ്പുംകുളം, അട്ടച്ചാക്കൽ എന്നിവിടങ്ങളിലെ പ്രദേശവാസികൾ ഉൾപ്പെടെ ഭീതിയിലാണ്.