പത്തനംതിട്ട കലഞ്ഞൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി 18 കുടുംബങ്ങള്‍ കുടിലുകെട്ടി. ചെങ്ങറ ഹാരിസണ്‍ എസ്റ്റേറ്റില്‍ സമരം ചെയ്ത് പട്ടയംകിട്ടിയ ഭൂമി വാസയോഗ്യം അല്ല എന്ന് പറഞ്ഞാണ് കുടിലുകെട്ടി സമരം തുടങ്ങിയത്.ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ തുടരുകയാണ്.
കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ സ്കൂളിന് സമീപത്തെ റവന്യൂഭൂമിയിലാണ് ചെങ്ങറ സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ ഇന്നലെ വൈകിട്ട് കുടില് കെട്ടിയത്.ചെങ്ങറ സമരത്തില്‍ പങ്കെടുത്ത് 2010ല്‍ വിവിധ ജില്ലകളില്‍ പട്ടയം കിട്ടിയവരാണ് ഇവര്‍. കിട്ടിയ സ്ഥലം വാസയോഗ്യമല്ല എന്നാണ് സമരക്കാരുടെ ആരോപണം. സ്ഥലം വാസയോഗ്യമല്ല എന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. അതത് ജില്ലയില്‍ ഭൂമി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഭൂമി അനുവദിച്ചില്ല എന്നാണ് സമരക്കാര്‍ പറയുന്നത്.
ആദിവാസികള്‍ കയ്യൊഴിഞ്ഞ കാട്ടാന ശല്യമുള്ള ഭൂമിയാണ് പലയിടത്തും കിട്ടിയത് എന്നാണ് ആരോപണം. കണ്ണൂരിലും, ഇടുക്കിയിലുമായാണ് ഭൂമി കിട്ടിയത്. വഴിപോലും ഇല്ലാത്ത സ്ഥലത്തേക്ക് നാടുകടത്തി എന്നാണ് പരാതി. ഇറക്കിവിട്ടാല്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുടിലുകെട്ടി സമരം തുടരുന്നത്. ചെങ്ങറ സമരം നടത്തിയ സാധുജന വിമോചന സംയുക്ത വേദിയാണ് സമരം നടത്തുന്നത്. ആദ്യഘട്ട പരിഹാര ചര്‍ച്ചകള്‍ പരാജയപ്പെട്ടു.