പത്തനംതിട്ട മൺപിലാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ പത്തു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് മൂന്നു വയസ്സോളം പ്രായം വരുന്ന കടുവ കിണറ്റിൽ വീണത്. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം വലയിട്ട് പുറത്തെടുക്കുകയായിരുന്നു.
പുലർച്ചെ അഞ്ചുമണിക്കാണ് സദാശിവൻ എന്നയാളുടെ വീട്ടു മുറ്റത്തെ ആൾമറ ഇല്ലാത്ത കിണറ്റിൽ കടുവ വീണത്. പുലർച്ചെ അലർച്ച കേട്ടെങ്കിലും വെട്ടം വീണ ശേഷമാണ് വീട്ടുകാർ നോക്കിയതും കിണറ്റിൽ കടുവയെ കണ്ടതും. രാവിലെയോടെ വനപാലകർ എത്തി. പുലർച്ചെ രണ്ടുമണിക്കും വീട്ടുമുറ്റത്ത് ഇറങ്ങിയതായി വീട്ടുകാർ പറയുന്നു.
കിണറിന് ആറു മീറ്ററോളം ആഴമുണ്ടായിരുന്നു, രണ്ടു മീറ്ററോളം വെള്ളവും. കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് പുറത്തേക്ക് കളഞ്ഞ ശേഷം വലയിട്ട് കടുവയെ പുറത്തെടുക്കുകയായിരുന്നു. മുകളിലെത്തിച്ച ശേഷം മയക്കുവെടി വെച്ചു. തുടർന്ന് ഇരുമ്പ് ഫ്രെയിമുള്ള വലയിലേക്ക് കടുവയെ മാറ്റി കൂട്ടിലാക്കി. കിണറ്റിലെ പൈപ്പുകൾ അടക്കം തകർന്നതും തിട്ട ഇടിഞ്ഞതും പരിഹരിക്കണമെന്ന് വീട്ടുകാർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു