പത്തനംതിട്ട വടശ്ശേരിക്കരയെ രണ്ടു മാസമായി ഭീതിയിലാഴ്ത്തിയിരുന്ന കടുവ കൂട്ടിലായി. ഇന്നലെ രാത്രിയാണ് കടുവ കൂട്ടിൽ വീണത്. കടുവയെ വടശ്ശേരിക്കര റേഞ്ച് ഓഫീസിൽ എത്തിച്ചു. ആരോഗ്യം പരിശോധിച്ച ശേഷം കാട്ടിൽ തുറന്നുവിടും.
രണ്ടു മാസം മുൻപ് പാടത്ത് മേയാൻ വിട്ടിരുന്ന പോത്തിനെയാണ് ആദ്യം കടുവ കൊന്നത്. മുറിവുകൾ കണ്ട് കടുവയെന്ന നിഗമനത്തിലെത്തുകയും ക്യാമറ വെച്ച് കടുവയെന്ന് സ്ഥിരീകരിച്ച ശേഷവുമാണ് വനപാലകർ കൂടു വെച്ചത്. വടശ്ശേരിക്കര, ഒളികല്ല്, കുമ്പളത്താമൺ, ബാലപാടി മേഖലയിൽ ആറിനക്കരെയും ഇക്കരെയും കടുവ പേടിയിലായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി കടുവയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിലും കഴിഞ്ഞദിവസം വീണ്ടും കടുവ ഒരു വളർത്തുനായയെ കൊന്നിരുന്നു. മേഖലയിൽ കാടുപിടിച്ച തോട്ടങ്ങൾ അടക്കം കടുവയ്ക്ക് ഒളിക്കാൻ സ്ഥലങ്ങളും ഉണ്ടായിരുന്നു. പകൽപോലും പുറത്തിറങ്ങാൻ ഭയന്നിരുന്ന ജനങ്ങൾക്ക് കടുവ വീണതോടെ ആശ്വാസമായി. കടുവയുടെ കണ്ണിന് ചെറിയ പ്രശ്നമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
രണ്ടു വർഷം മുൻപ് ഈ മേഖലയിൽ കടുവ ഇറങ്ങി ആടുകളെ പിടികൂടിയിരുന്നു. പിന്നീട് ഈ കടുവയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. താടിയെല്ലിന്റെ ഒരു ഭാഗം തകർന്നതിനാൽ ഇര തേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആ കടുവ. നിലവിൽ പിടികൂടിയ കടുവയുടെയും സാഹചര്യം സമാനമാണോ എന്ന് പരിശോധിക്കുന്നുണ്ട്.