tiger

ആന ആക്രമണത്തിൽ ജീവൻപൊലിഞ്ഞു,  ജനവാസമുള്ള പ്രദേശത്ത് പുലിയോ കടുവയോ ഇറങ്ങി, പന്നിയുടെ ആക്രമണത്തിൽ പരുക്ക് ഇങ്ങനെയുള്ള വർത്തകളില്ലാത്ത ദിവസങ്ങളില്ല. മഴക്കാലമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെയാണ് വന്യജീവി മനുഷ്യ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷമായി കേരളം ഈപ്രശനത്തിൽ വലയുകയാണ്. കാടിന് സമീപം ജീവിക്കുന്നവരും വനം വകുപ്പും സർക്കാരും എല്ലാം നിരന്തരം ചോദിക്കുന്ന ചോദ്യമിതാണ്: എന്താണ് ഈ വന്യജീവികൾ ഇങ്ങനെ കൂട്ടത്തോടെ കാടിറങ്ങുന്നത്? എന്താണിങ്ങനെ ആക്രമണങ്ങളും മരണങ്ങളും തുടർക്കഥയാകുന്നത്?  

കടുവകളും മനുഷ്യരും തമ്മിലെന്ത്? 

രാജ്യത്തകമാനം 2025 ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസത്തിനകം 43 പേരാണ് കടുവാ ആക്രമണങ്ങളിൽമാത്രം കൊല്ലപ്പെട്ടത്. ഡൽഹി ആസ്ഥാനമായ സെൻറർഫോർ സയൻസ് ആൻഡ് എൻവിറോൻമെൻറ് എന്ന പഠന–ഗവേഷണ സ്ഥാപനം പുറത്തിറക്കിയ സ്റ്റേറ്റ് ഒഫ്  ഇന്ത്യാസ് എൻവിറോൻമെൻറ് എന്ന റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. കാലാവസ്ഥാ മാറ്റം, ഭൂവിനിയോഗം എന്നിവ വരുത്തിയ മാറ്റങ്ങൾ മനുഷ്യ വന്യജീവി സംഘർഷം പതിൻമടങ്ങ് വർധിപ്പിച്ചതായി ഉദാഹരണൾ നിരത്തി  റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുവകളുടെ ആക്രമണം മുൻനിറുത്തിയായിരുന്നു പഠനം. 

കടുവകൾ അപൂർവ്വമായാണ് മനുഷ്യരെ ആക്രമിക്കുന്നത്. പ്രായാധിക്യം, രോഗാവസ്ഥ, പരുക്കുകൾ എന്നിവയാണ് സാധാരണ കടുവയെ കന്നുകാലികളെയും മനുഷ്യരെയും ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ ആരോഗ്യമുള്ള കടുവകൾ പോലും മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ കൂടി വരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കടുവകൾ കാണപ്പെടുന്ന കാടുകൾക്ക് സമീപം വരെ മനുഷ്യവാസം വന്നത് ആക്രമണങ്ങൾ വർധിക്കാൻ ഇടയായി. ടൂറിസം മുതൽ കൃഷിവരെയുള്ള ആവശ്യങ്ങൾക്കായി കാട്ടിലേക്കോ കാടരിക് പ്രദേശത്തേക്കോ പോകുന്നവരുടെ എണ്ണവും കൂടി. ഇതോടെ മനുഷ്യനും കടുവയും ഏറെ സമീപത്തായി. മനുഷ്യർകൂടുതലായി കടുവാ ആക്രമണങ്ങളുടെ ഇരയാകുന്ന സ്ഥിതിയും വന്നു. നിരന്തര സഹവാസത്തടെ കടുവകൾക്ക്  മനുഷ്യനോടുള്ള പേടി പോലും കുറച്ചു  എന്നാണ് കൺസർവേഷൻ ബയോളജിസ്റ്റ്  ഉല്ലാസ് കാരന്ത പറയുന്നത്. 

മനുഷ്യരുടെ എണ്ണവും കടുവകളുടെ എണ്ണവും വർധിച്ചതായി 20 സംസ്ഥാനങ്ങളിൽ നടത്തിയ പഠനം പറയുന്നു. കടുവകളുടെ ആവാസകേന്ദ്രങ്ങളിലെ 40 ശതമാനം പ്രദേശത്ത് 6 കോടി ജനങ്ങളാണ് ജീവിക്കുന്നത്. കാട്ടിനുള്ളിൽ കടുവകളുടെ എണ്ണം കൂടിയതോടെ "ടെറിറ്ററി" സ്ഥാപിക്കാൻ കടുവകൾ കൃഷിയിടങ്ങളിലേക്കും കാടിനരികിലെ ജനവാസ മേഖലകളിലേക്കും സഞ്ചരിക്കാൻ തുടങ്ങിയതായും റിപ്പോർട്ട് പറയുന്നു. 

munnar-elephant

ലന്താന വരുത്തും വിന

ലന്താനയെന്ന പലനിറം പൂവിടുന്ന ചെടി പൂന്തോട്ടങ്ങളിൽ കണ്ടിട്ടില്ലാത്തവരുണ്ടാകില്ല. 19ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഈ ചെടി ഇന്ത്യയിലെ കാടുകളുടെയും കാടരികിലെ പ്രദേശങ്ങളിലെയും 50 ശതമാനം ഇടങ്ങളിലും പരക്കെ വ്യാപിച്ചുകഴിഞ്ഞു.  കടുവയുടെ ഇരപിടിക്കുന്ന രീതികളിൽ ലന്താനവരുത്തിയ മാറ്റം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. അടിക്കാടുള്ള കാട്ടിലും   കാടാൽ ചുറ്റപ്പെട്ട  പുൽമേടുകളിലുമായിരുന്നു കടുവയുടെ ഇരപിടിക്കൽ ഏറെയും. എന്നാൽ ലന്താന വളർന്ന് കുറ്റിക്കാടുകളായി മാറിയ കാടരിക് പ്രദേശത്തേക്ക് ഇരപിടിക്കാൻ എത്തുകയാണ് കടുവകളിന്ന്. 

ലന്താന വളരുന്നിടത്ത് പുല്ലും നാടൻസസ്യങ്ങളും വളരാറില്ല, അതിനാൽത്തന്നെ മാനും മാളാവും കാട്ടുപോത്തുമൊന്നും ഇവിടേക്കെത്തില്ല. പിന്നെ ഇതിനടുത്തുള്ളത് കൃഷിയിടങ്ങളും ഗ്രാമങ്ങളുമാണ്. സ്വാഭാവികമായും കടുവ കന്നുകാലികളെയും മനുഷ്യരെയും ആക്രമിക്കും. ഇതിന് സമാനമാണ് കേരളത്തിലെ മലമ്പ്രദേശങ്ങളിലാകെ ഉപേക്ഷിക്കപ്പെട്ടും കുറ്റികാടു വളർന്നും കാണപ്പെടുന്ന ആയിരക്കണക്കിനേക്കർ തോട്ടഭൂമി.  കടുവകൾ ഈ പ്രദേശങ്ങളിലേക്ക് കൂടുതൽ ഇറങ്ങുന്നത് അപകട സാധ്യത വളരെയേറെ കൂട്ടും.  കേരളത്തിലാകട്ടെ  മഞ്ഞക്കൊന്നയെന്ന സസ്യം സ്വാഭാവിക വനത്തെയാകെ നശിപ്പിക്കുകയാണ്.  കാടിൻറെ സ്വഭാവത്തെയും വന്യജീവികളുടെ വെള്ളവും ഭക്ഷണവും തേടിയുള്ള യാത്രകളെയും ഈ "ഇൻവേസിവ് സസ്യം" അപ്പാടെ മാറ്റിമറിച്ചു കഴിഞ്ഞു.  മനുഷ്യ–വന്യജീവി സംഘർഷവും ആക്രമണങ്ങളും മരണങ്ങളും വർധിക്കുന്നതിനും ഇത് വലിയതോതിൽ  ഇടയാക്കി. 

പരിഹാരമുണ്ടോ?

സംരക്ഷിത വനപ്രദേശങ്ങളെയും അവയുടെ ബഫർസോണിനെയും സംരക്ഷിക്കുക. കാടിനുള്ളിൽ വന്യജീവികൾക്ക് വെള്ളവും ഭക്ഷണവും ഉണ്ടെന്ന് ഉറപ്പാക്കുക അതിലൂടെ ഭക്ഷ്യ ശൃംഘല നിലനിറുത്തുക എന്നതാണ് ആദ്യപടി. തോട്ട ഭൂമി വീണ്ടും കൃഷിക്കായി ഉപയോഗിക്കുക, ലന്താനയും കാട്ടുകൊന്നയും പടരുന്നത് ഒഴിവാക്കുക, ഗ്രമങ്ങൾക്ക് ചുറ്റുമുള്ള കുറ്റിക്കാടുകൾ ഇല്ലാതെയാക്കുക, ആവശ്യമുള്ളയിടങ്ങളിൽ കിടങ്ങുകളും വൈദ്യുത വേലിയും സ്ഥാപിക്കുക, കാടരികുപ്രദേശങ്ങളിലെ റോഡുകൾ സുരക്ഷിതമാക്കുക, ആക്രമണ സാധ്യതയുള്ള റെഡ് സോണുകളിൽ കാവൽ ഏർപ്പെടുത്തുക  എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്. പക്ഷെ മാറിമറിയുന്ന കാലാവസ്ഥയും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ആവശ്യപ്പെടുന്നത് പ്രാദേശികമായ  പരിഹാരമാർഗങ്ങൾ മാത്രമല്ല.  ഒാരോ ആവാസ വ്യവസ്ഥക്കും ഇണങ്ങുന്ന പരിസ്ഥിതി പുനസ്ഥാപനവും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒപ്പം നിലനിൽക്കാനുതകുന്ന ജീവിത ശൈലിയുമാണ്. 

ENGLISH SUMMARY:

Human wildlife conflict is a growing concern, with increasing tiger attacks in Kerala and elsewhere. This report examines the factors contributing to this escalation, including climate change, land-use changes, and the impact of invasive species on wildlife habitats.