കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂര്‍ ചാലിയക്കര ഉപ്പുകുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥ പിളള(58) ആണ് മരിച്ചത്. രാവിലെ 11 മണിക്ക് ജോലി സ്ഥലത്തു നിന്നും മടങ്ങുന്ന വഴിയില്‍ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്.
ജോലി കഴിഞ്ഞിറങ്ങവെയായിരുന്നു കാട്ടു പന്നിയുടെ ആക്രമണം. അപ്രതീക്ഷിതമായി എത്തിയ കാട്ടു പന്നിയെ കണ്ടപ്പോള്‍ തന്നെ രഘുനാഥന്‍ ഭയന്നു പോയി. പിന്നാലെ കാട്ടു പന്നി ശക്തമായി തുടയിലും പിന്നീട് വയറ്റിലും ആക്രമിച്ചു. ചോരവാര്‍ന്നു കിടന്നു പോയ രഘുനാഥന്‍റെ നിലവിളി കേട്ടാണ് സഹപ്രവര്‍ത്തകര്‍ ഓടിക്കൂടിയത്. പരുക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമാണ് ഇവിടം. നേരത്തെ കാട്ടു പന്നി ശല്യത്തെ കുറിച്ച് കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഫലപ്രദമായ പ്രതിരോധ നടപടികളെടുക്കാന്‍ വനം വകുപ്പിനോ , സര്‍ക്കാരിനോ കഴിഞ്ഞില്ല.