കടുവാപ്പേടി ഒഴിയാതെ പത്തനംതിട്ട വടശേരിക്കര വനമേഖലയിലെ നാട്ടുകാര്‍. ഒരുമാസം മുന്‍പ് കൂടു വച്ചെങ്കിലും കടുവ വീണിട്ടില്ല. നേരത്തേ കുമ്പളത്താമണ്ണിലാണ് കടുവ വന്നതെങ്കില്‍ കഴിഞ്ഞ ദിവസം ആറിന് ഇക്കരെയാണ് കടുവ ഇറങ്ങിയത്.
വടശേരിക്കര ഒളികല്ലില്‍ ജനവാസ മേഖലയില്‍ ആണ് കടുവയെ കണ്ടത്. ബഹളം വച്ചതോടെ വനത്തിലേക്ക് ഓടിപ്പോയി.പക്ഷെ ഏത് സമയവും വീണ്ടും കടുവ ഇറങ്ങുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. കടുവാപ്പേടിയില്‍ പകല്‍പോലും പുറത്തിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി. നേരത്തേ കുമ്പളത്താമണ്ണിലായിരുന്നു കടുവ ഇറങ്ങിയത്. ഇപ്പോള്‍ ആറിനിക്കരെ ഒളികല്ലിലാണ് കടുവ ഇറങ്ങിയത്. അരക്കിലോമീറ്റര്‍ ദൂരമേയുള്ളു രണ്ട് സ്ഥലവും തമ്മില്‍.
കഴിഞ്ഞ മാസമാണ് വടശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസമേഖലയിലെ പാടത്ത് മേയാന്‍ വിട്ട പോത്തിനെ കടുവ പിടിച്ചത്.ക്യാമറ സ്ഥാപിച്ച് കടുവയെന്ന് ഉറപ്പിച്ച് കൂടും വച്ചു. പോത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ കൂട്ടിലിട്ടു.പക്ഷെ കടുവ വീണില്ല.ആദ്യ രാത്രി കൂടിന് ചുറ്റും നടന്നതല്ലാതെ കടുവ കൂട്ടില്‍ കയറിയില്ല. ഒരുമാസമായി കടുവയുടെ സൂചന ഇല്ലായിരുന്നു. ഇതിനിടെ ബാലപാടി പ്രദേശത്തും ഈ കടുവയെത്തിയിരുന്നു. സ്ഥിരമായി കാട്ടുപോത്തും കാട്ടാനകളും ഇറങ്ങുന്ന സ്ഥലമാണ് ഒളികല്ല്.