പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണ്. ഐസിയുവും വാര്‍ഡുകളും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് നിര്‍മാണത്തിലെ അപാകത കാരണം പലഭാഗത്തും പൊട്ടിപ്പിളര്‍ന്ന് അപകടാവസ്ഥയിലായത്. നാലുവര്‍ഷം മുന്‍പ് ബലക്ഷയം കണ്ടെത്തിയെങ്കിലും നാലുകോടി വകയിരുത്തി അറ്റകുറ്റപ്പണിക്ക് ശ്രമിക്കുന്നത് ഇപ്പോഴാണ്.
കാലപ്പഴക്കമില്ലെങ്കിലും ജനറല്‍ ആശുപത്രി വളപ്പിലെ ബി ആന്‍ഡ് സി കെട്ടിടത്തിന് ബലക്ഷയം ഉണ്ട്. തൂണുകളിലെ കോണ്‍ക്രീറ്റ് പൊട്ടിമാറി ദ്രവിച്ച കമ്പികള്‍ പുറത്തുകാണാം. ഏറ്റവും മുകളിലെ ഓപ്പറേഷന്‍ തിയറ്ററിന് ചോര്‍ച്ചയുണ്ട്. ഈ നാലുനിലക്കെട്ടിടത്തിലാണ് ഗൈനക്കോളജി,കുട്ടികളുടെ വാര്‍ഡ്, ഐസിയു എന്നിവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന ബി ആന്‍ഡ് സി ബ്ലോക്കില്‍ മേല്‍ക്കൂര അടര്‍ന്നു വീണിരുന്നു. തലനാരിഴയ്ക്കാണ് ഗര്‍ഭിണിയും ഭര്‍ത്താവും അന്ന് പരുക്കേല്‍ക്കാതെ രക്ഷപെട്ടത്. ആ ഭാഗത്തെ വഴി അടച്ചിരിക്കുകയാണ്. പക്ഷേ ശുചിമുറികള്‍ ഉള്ളത് ഇവിടെയാണ്. നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണം.
നിലവില്‍ ബി ആന്‍ഡ് സി ബ്ലോക്കിന്‍റെ പലഭാഗവും വൃത്തിഹീനമാണ്.പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എന്ന് തീരും എന്ന് വ്യക്തമല്ല.അറ്റകുറ്റപ്പണിക്കായി ഉപകരണങ്ങള്‍ കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.ജനറല്‍ ആശുപത്രിയില്‍ പൊളിക്കാനിട്ടിരിക്കുന്ന കെട്ടിടങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുകയാണ്.പുതിയ കെട്ടിടം പണി തീരുന്നത് വരെ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ പാടുപെടും.