kseb-cheat

വൈദ്യുതി ലൈന്‍ വലിക്കാന്‍ മരംവെട്ടി മാറ്റിയ കര്‍ഷകരെ ചതിച്ച് കെഎസ്ഇബി. പത്തനംതിട്ട സീതത്തോട് ഭയങ്കരാമുടിയിലാണ് കര്‍ഷകര്‍ നഷ്ടപരിഹാരം കിട്ടാതെ വലയുന്നത്. വൈദ്യുതി ടവര്‍ നിര്‍മാണത്തിനായി വലിയ തോതില്‍ പാറ പൊട്ടിച്ചതോടെ മണ്ണിടിച്ചിലും ഭയക്കുന്നുണ്ട്. 

കക്കാട് ഗ്യാസ് അധിഷ്ഠിത സബ്സ്റ്റേഷന്‍ ടവറിന് ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് മരങ്ങള്‍ വെട്ടുന്നത്. കൂലിപ്പണിയെടുത്ത് കിട്ടിയ പണം കൊണ്ട് വളര്‍ത്തിയെടുത്ത റബര്‍ മരങ്ങളാണ് ഭയങ്കരാമുടി സ്വദേശി ദാമോദരന്‍ വെട്ടി മാറ്റിയത്.ആകെയുള്ള 80 സെന്‍റില്‍ 220 റബര്‍ മരങ്ങളാണ് ഉണ്ടായിരുന്നത്. 20 റബര്‍ഷീറ്റ് കിട്ടുമായിരുന്നു.എല്ലാ മരങ്ങളും മുറിച്ചു മാറ്റി. ഇതുവരെഒരു രൂപ കിട്ടിയില്ല.റബര്‍ വരുമാനം നിലച്ചതോടെ വീണ്ടും കൂലിപ്പണിക്കിറങ്ങി.അയല്‍ക്കാരിയായ മീനാക്ഷിയുടെ 67സെന്‍റ് സ്ഥലത്തെ  റബര്‍, പ്ലാവ് അടക്കമുള്ള മരങ്ങളാണ്  മുറിച്ചത്. മീനാക്ഷിക്കും ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ല.

ടവര്‍ നിര്‍മാണത്തിനായി പാറ പൊട്ടിച്ചതും മണ്ണിടിച്ചതും അപകടം ആകുമോ എന്ന ഭയം നാട്ടുകാര്‍ക്കുണ്ട്. കൃഷി നാശം സംഭവിക്കുന്ന 67 കര്‍ഷകരില്‍ 44 കുടുംബങ്ങള്‍ക്ക് പട്ടയം ഇല്ല. ഇനി ശേഷിക്കുന്നത് നാല് ടവറുകളുടെ നിര്‍മാണമാണ്. പണം കിട്ടാതെ ലൈന്‍ വലിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് സ്ഥലം ഉടമകള്‍. കഴിഞ്ഞ ദിവസം നഷ്ടം പറ്റിയ കര്‍ഷകര്‍ ഇടപെട്ട് നിര്‍മാണം തടഞ്ഞിരിക്കുകയാണ്

ENGLISH SUMMARY:

Farmers in Seethathode, Pathanamthitta, claim they were not compensated after cutting trees for KSEB’s power line project. Landslide fears rise as rock blasting continues for tower construction.