കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചെരിയാൻ കാരണം ഹെർപിസ് വൈറസ് ബാധ. കോന്നിയിൽ 11 വർഷത്തിനിടെ 6 ആനകളാണ് ചരിഞ്ഞത്. കൊച്ചയ്യപ്പൻ ഇല്ലാതായതോടെ ആനക്കൂട്ടിൽ ഇനി ശേഷിക്കുന്നത് നാല് ആനകൾ മാത്രം.
ആനകളെ ബാധിക്കുന്ന എലിഫന്റ് എൻഡോതെലിയോട്രോപിക് ഹെർപിസ് വൈറസാണ് കൊച്ചയ്യപ്പന്റെ ജീവനെടുത്തത്. മുതിർന്ന ആനകളെയും ബാധിക്കുമെങ്കിലും കുട്ടിയാനകളിലാണ് ഇത് ഏറെ പ്രശ്നം സൃഷ്ടിക്കുക. 2016ൽ കോട്ടൂരിൽനിന്നു കൊണ്ടുവന്ന ലക്ഷ്മിയെന്ന കുട്ടിയാന ഹെർപിസ് വൈറസ് ബാധിച്ചാണ് ചരിഞ്ഞത്. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാനകളെയാണ് വൈറസ് ഏറെ ബാധിക്കുക. 10 വയസ്സുവരെ വൈറസ് ആനകൾക്ക് ഭീഷണിയാണ്. ഏതാനും വർഷത്തിനിടെ കോന്നി ആനത്താവളത്തിൽ ചരിഞ്ഞത് ആറ് ആനകളാണ്. കഴിഞ്ഞവർഷം ഏപ്രിൽ 30നാണ് കോടനാട് നീലകണ്ഠൻ എന്ന കൊമ്പനാന ചരിഞ്ഞത്. ആനത്താവളത്തിൽ ഇനി 4 ആനകൾ മാത്രമാണുള്ളത്.