ചൈനയിലെ യുനാൻ പ്രവിശ്യയിലെ വവ്വാലുകളിൽ ഇരുപതോളം പുതിയ വൈറസുകളെ കണ്ടെത്തിയതായി ശാസ്ത്രലോകം. ഇവയിൽ രണ്ടെണ്ണം നിപ, ഹെൻഡ്ര വൈറസുകളോട് സാമ്യമുള്ളവയാണെന്നും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. PLOS Pathogens എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പുതിയ വൈറസുകളുടെ കണ്ടെത്തൽ ഇവ പടരാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകത്ത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
പഴംതീനി വവ്വാലുകളിലാണ് ഈ വൈറസുകൾ കണ്ടെത്തിയത്. ഗുരുതരമായ പല വൈറസുകളുടെയും വാഹകരാണ് പൊതുവെ വവ്വാലുകളെന്ന് പഠനം അടിവരയിടുന്നു. 2017-നും 2021-നും ഇടയിൽ യുനാനിലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി 142 വവ്വാലുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇവയിൽ നിന്ന് ഇരുപതോളം വൈറസുകളെയാണ് തിരിച്ചറിഞ്ഞത്, അതിൽ 20 എണ്ണം മുമ്പ് കണ്ടിട്ടില്ലാത്തവയാണ്.
2019 അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിലായിരുന്നു ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഗ്രാമപ്രദേശങ്ങളിലും ജനസാന്ദ്രതയുള്ള ഗ്രാമങ്ങളോട് ചേർന്നുള്ള പഴത്തോട്ടങ്ങളിലുമെല്ലാം വവ്വാലുകൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഈ വൈറസുകളിൽ ചിലത് വവ്വാലുകളുടെ മൂത്രം വഴി പകരാമെന്നും മനുഷ്യരോ മൃഗങ്ങളോ കഴിക്കുന്ന പഴങ്ങളിൽ ഇത് കലരാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പാരിസ്ഥിതിക മാറ്റങ്ങൾ മൃഗങ്ങളെ മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകാൻ പ്രേരിപ്പിക്കുന്നതിനാൽ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളും വർധിക്കുകയാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. പുതിയ വൈറസുകളുടെ കണ്ടെത്തൽ ഈ ഭീഷണിക്ക് കൂടുതൽ ആക്കം കൂട്ടുന്ന ഒന്നാണ്.