Tibetan spiritual leader the Dalai Lama speaks at an event celebrating his 90th birthday according to a Tibetan calendar in Dharamshala, India, Monday, June 30, 2025, ahead of his birthday according to the Gregorian calendar on July 6. (AP Photo/Ashwini Bhatia)

Tibetan spiritual leader the Dalai Lama speaks at an event celebrating his 90th birthday according to a Tibetan calendar in Dharamshala, India, Monday, June 30, 2025, ahead of his birthday according to the Gregorian calendar on July 6. (AP Photo/Ashwini Bhatia)

TOPICS COVERED

ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്ക് ഗ്രാമി പുരസ്കാരം സമ്മാനിച്ചതിന് പിന്നാലെ പുരസ്കാര നിര്‍ണയത്തെ വിമര്‍ശിച്ച് ചൈന. 'മെഡിറ്റേഷൻസ്: ദ് റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈലാമ' എന്ന ഓ‍ഡിയോ ബുക്കിനാണ് ദലൈലാമയ്ക്ക് മികച്ച ഓഡിയോ ബുക്ക്, നരേഷൻ, സ്റ്റോറി ടെല്ലിങ്ങ് ആൻഡ് റെക്കോഡിങ്ങ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചത്. പിന്നാലെയാണ് പുരസ്കാര നിര്‍ണയത്തിനെതിരെ ചൈന രംഗത്തെത്തിയത്.

വര്‍ഷങ്ങളായി ദലൈലാമയെ വിഘടനവാദിയെന്ന് വിളിക്കുന്ന ചൈന അദ്ദേഹത്തിന്റെ കൃതിയെ ചൈനീസ് വിരുദ്ധ കൃതി എന്നാണ് വിശേഷിപ്പിക്കുന്നത്. ചൈനീസ് വിരുദ്ധ രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കുന്നതിനായി, അതിനുള്ള ഉപകരണമായി പുരസ്കാരങ്ങളെ ഉപയോഗിക്കുന്ന കക്ഷികളെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ദലൈലാമ കേവലമൊരു മതവിശ്വാസിയല്ലെന്നും മതത്തിന്റെ മറവില്‍ ചൈനീസ് വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണെന്നും ലിന്‍ പറഞ്ഞു.

അതേസമയം. ഏറെ നന്ദിയോടും വിനയത്തോടും കൂടി ഈ അംഗീകാരം ഏറ്റുവാങ്ങുന്നു എന്നായിരുന്നു ദലൈലാമയുടെ പ്രതികരണം. ഈ പുരസ്കാരത്തെ വ്യക്തിപരമായ ഒന്നായി കാണുന്നില്ല, മറിച്ച് പൊതുവായ സാർവത്രിക ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായിട്ടാണ് താൻ കാണുന്നതെന്ന് ഗ്രാമി പുരസ്കാര നിശയ്ക്കു ശേഷം അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. എട്ട് ബില്യൺ മനുഷ്യരുടെ കൂട്ടായ ക്ഷേമത്തിന് സമാധാനം, അനുകമ്പ, പരിസ്ഥിതിയോടുള്ള കരുതൽ, മാനവികത, ഏകത്വം എന്നിവ അനിവാര്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ദലൈലാമയുടെ പ്രസ്താവനയിൽ പറയുന്നു. ലൊസാഞ്ചലസില്‍ നടന്ന ചടങ്ങില്‍ ദലൈലാമയ്ക്കുവേണ്ടി മാഗി റോജേഴ്‌സ്, റൂഫസ് വെയ്ൻറൈറ്റ് തുടങ്ങിയ കലാകാരന്മാരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ടിബറ്റന്‍ ബുദ്ധസന്യാസി സമൂഹത്തിന്‍റെ അധിപനാണ് ദലൈലാമ. പതിനാലാമത്തെ ദലൈലാമയാണ് ഇപ്പോഴുള്ളത്. യഥാര്‍ഥ പേര് ടെന്‍സിന്‍ ഗ്യാറ്റ്സോ എന്നാണ്. 1935 ല്‍ വടക്കന്‍ ടിബറ്റില്‍ ജനിച്ച അദ്ദേഹത്തെ രണ്ടാംവയസിലാണ് പതിമൂന്നാമത്തെ ദലൈലാമയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1950 ല്‍ ചൈനീസ് സൈന്യം ടിബറ്റിന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ അന്ന് 15 വയസുമാത്രം പ്രായമുണ്ടായിരുന്ന ദലൈലാമ ടിബറ്റന്‍ ജനതയുടെ രാഷ്ട്രീയ നേതാവുകൂടിയായി മാറുകയായിരുന്നു. 

ചൈനീസ് അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരെ ടിബറ്റൻ പോരാളികൾ നടത്തിയ സായുധ കലാപത്തിനു പിന്നാലെ 1959 ലാണ് പതിനാലാം ദലൈലാമ അനുയായികൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. അങ്ങിനെയാണ് ധര്‍മശാലയില്‍ ആശ്രമം സ്ഥാപിക്കുന്നത്. ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ അമര്‍ഷം ഉള്ളവരും ഒരുപാടാണ്. ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ജനിക്കുമെന്നാണ് ടിബറ്റന്‍ ബുദ്ധ വിശ്വാസം. 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദലൈലാമയ്ക്കായിരുന്നു. പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, ഗാന്ധി സമാധാന പുരസ്കാരം എന്നിവയും ദലൈലാമയ്ക്ക് ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

China has voiced strong opposition after the Dalai Lama was honored with a Grammy Award for his audio book, 'Meditations: The Reflections of His Holiness the Dalai Lama.' The Chinese Foreign Ministry described the award as a political tool used to encourage "anti-China separatist activities." Spokesperson Lin Jian emphasized that China firmly opposes any organization providing a platform for the Dalai Lama’s political agenda. In contrast, the spiritual leader accepted the honor with humility, dedicating it to the collective well-being of eight billion humans.