ചൈനയിലെ ഗുവാങ്‌സി മേഖലയിൽ 'മെയ്സാക്ക്' ടൈഫൂണിനെ തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും കനത്തനാശനഷ്ടം. ജനജീവിതം ദുസ്സഹമായതിന് പുറമെ, മേഖലയിലെ പാമ്പ് വളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് ആയിരക്കണക്കിന് പാമ്പുകൾ രക്ഷപ്പെട്ടതും മൃഗശാലയിൽ നിന്ന് മൃഗങ്ങൾ ഒലിച്ചുപോയതും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
ഗുവാങ്‌സിയിലെ ഹെങ്‌ഷൗവിൽ പ്രളയത്തെ തുടർന്ന് വെള്ളം കയറിയതോടെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഏകദേശം 800 മുതൽ 900 വരെ പാമ്പുകളാണ് പ്രളയജലത്തിലേക്ക് രക്ഷപ്പെട്ടത്. രാജവെമ്പാല അടക്കമുള്ള പാമ്പുകളുണ്ട് ഇവയില്‍. ഇവ പരിസര പ്രദേശങ്ങളില്‍ തന്നെ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വെള്ളപ്പൊക്കം കാരണം സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. ഹെങ്‌ഷൗവിലെ ആശുപത്രികളിൽ പാമ്പ് കടിയേറ്റവർക്കായി പ്രത്യേക ചികിത്സാ സംവിധാനങ്ങളും മരുന്നുകളുടെ ലഭ്യതയും വർദ്ധിപ്പിച്ചിട്ടുണ്ട്. പാമ്പുകളെ പിടികൂടാൻ പരിശീലനം ലഭിച്ച പ്രത്യേക സംഘങ്ങളെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഗുവാങ്‌സിയിലെ ഗുവ്ഗാങ് മൃഗശാലയിൽ നിന്ന് നൂറിലേറെ മൃഗങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. സീബ്രകൾ, ഒട്ടകപ്പക്ഷികൾ, പന്നികൾ, മാനുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെയാണ് കാണാതായിരിക്കുന്നത്. മൃഗശാലയിലെ മൂന്ന് സിംഹങ്ങൾ പ്രളയത്തിൽ ചത്തു. മറ്റ് മൃഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മൃഗശാല അധികൃതർ അറിയിച്ചു. കാണാതായ മൃഗങ്ങളിൽ ചിലത് ഭയന്ന അവസ്ഥയിലായതിനാൽ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്. അതിനാൽ, അത്തരം മൃഗങ്ങളെ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും അവയെ നേരിട്ട് സമീപിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
മേഖലയിൽ ഇതുവരെ ആറുപേർ മരണപ്പെട്ടതായും ഒട്ടേറെപ്പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം 1,30,000-ത്തോളം പേരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്‍റെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ദുരന്തബാധിത മേഖലകളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രളയജലം ഇറങ്ങിയാലും പാമ്പുകളുടെ സാന്നിധ്യം ഭീഷണിയായേക്കാമെന്നതിനാൽ അതീവ ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം.