ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ തിങ്കളാഴ്ച വൈകുന്നേരം വീശിയടിച്ച ഇരട്ട ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും പെട്ട് 11 പേർ മരിച്ചതായും, ഒരാളെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 330-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വീശിയടിക്കുന്ന രണ്ട് ചുഴലിക്കാറ്റുകളുടെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇടിമിന്നലും മഴയുമുണ്ട്.
ജൂലൈ 6 ന് വൈകുന്നേരം നാലരയോടെ ആരംഭിച്ച ശക്തമായ കാറ്റ് എട്ടര വരെ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഹുവാങ്‌ഷി, ഹുവാങ്‌ഗാങ്, ഇഷൗ, സിയാനിങ് തുടങ്ങിയ നഗരങ്ങളെയാണ് കാറ്റ് രൂക്ഷമായി ബാധിച്ചത്. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. ഏകദേശം 4,800-ഓളം വീടുകൾ തകരുകയോ ഭാഗികമായി നശിക്കുകയോ ചെയ്തിട്ടുണ്ട്. 14,600-ഓളം ആളുകളെ ദുരന്തം നേരിട്ട് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
സാധാരണയായി ചുഴലിക്കാറ്റുകള്‍ക്ക് സാധ്യത കുറവുള്ള പ്രദേശമാണ് ഹുബെയ്. കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തിൽ, അതിതീവ്ര കാലാവസ്ഥ ആണ് ഇത്രയും ശക്തമായ കാറ്റിന് കാരണമായത്. അസ്ഥിരമായ ചൂടുകാറ്റും ഈർപ്പവും ചേർന്നുള്ള ഈ പ്രതിഭാസം, സമീപകാലത്തെ കാലാവസ്ഥാ മാറ്റങ്ങളും ടൈഫൂൺ (വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെയാണ് ടൈഫൂൺ എന്ന് വിളിക്കുന്നത്) സ്വാധീനങ്ങളും കാരണം കൂടുതൽ ശക്തിപ്രാപിച്ചതാകാമെന്നാണ് വിലയിരുത്തൽ. 2021 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ദുരന്തത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ആരംഭിക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. 3,000 ഓളം രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിലൂടെയാണ് ജനങ്ങളെ ഒഴിപ്പിക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തത്. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
നിലവിൽ ഗാൻസു പ്രവിശ്യയിലുണ്ടായ ഉരുൾപൊട്ടലും, കിഴക്കൻ ചൈനയിലേക്ക് നീങ്ങുന്ന 'ബാവി' എന്ന സൂപ്പർ ടൈഫൂണും ചൈനയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം തുടർച്ചയായുണ്ടാകുന്ന പ്രളയവും ഉഷ്ണതരംഗങ്ങളും കൊടുങ്കാറ്റുകളും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.