AI Image

AI Image

ഒരു സുപ്രഭാതത്തില്‍ തന്‍റെ സമ്പാദ്യത്തിലെ വലിയൊരു പങ്കുമായി ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്താന്‍ ഒന്‍പത് വര്‍ഷവും 18 കോടിയോളം രൂപയും ചെലവഴിച്ചെന്ന് ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തല്‍. ചൈനയിലെ വ്യവസായിയായ ലീ പിങ് ആണ് തന്‍റെ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 15 മിനിറ്റ് വിഡിയോയില്‍ ലീ പിങ് വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ചൈനയിലെ സോഷ്യല്‍ ലോകം. 

1996 നും 2014നും ഇടയില്‍ 10 മില്യണ്‍ ഡോളറോളം സമ്പാദ്യം ലീ പിങിനുണ്ടായിരുന്നു. 2014 ല്‍ ഒരു ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സാങ് ഷുദന്‍ എന്ന യുവതിയെ ലീ പരിചയപ്പെട്ടത്. ഇരുവരും വടക്കു കിഴക്കന്‍ ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നതിനാല്‍ വളരെ വേഗത്തില്‍ സൗഹൃദത്തിലായി. തന്നെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചതാണെന്നും മറ്റൊരു കുടുംബമാണ് വളര്‍ത്തിയതെന്നുമാണ് സാങ് പറഞ്ഞത്. കഷ്ടപ്പാടുകളെ അതിജീവിച്ച് പഠിച്ചാണ് താന്‍ ബാങ്കിലെ ജോലി വാങ്ങിയതെന്നും സാങ് പറഞ്ഞു. ലീയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചടക്കം വിവരങ്ങള്‍ ശേഖരിച്ച ശേഷം സാങ് പ്രണയാഭ്യര്‍ഥന നടത്തി. നയത്തില്‍ 20 മില്യണ്‍ യുവാന്‍ സാങ് ജോലി ചെയ്യുന്ന ബാങ്കിലേക്ക് ലീയെ കൊണ്ട് നിക്ഷേപിപ്പിച്ചു. പിന്നീട് പതിവായി പണം കടം വാങ്ങാനും തുടങ്ങി. പ്രായമായ വളര്‍ത്തുമാതാപിതാക്കള്‍ക്ക് മരുന്ന് വാങ്ങാനെന്ന് പറഞ്ഞാണ് ഈ പണമത്രയും വാങ്ങിയത്. 

2015 ല്‍ തനിക്ക് ലീയെ വിവാഹം കഴിച്ച് കുടുംബമായി ജീവിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന് സാങ് തുറന്ന് പറഞ്ഞു. ലീയുടെ ആദ്യ വിവാഹത്തിലെ എട്ടുവയസുകാരി മകളെ താന്‍ സ്വന്തം മകളെ പോലെ നോക്കാമെന്നും വാഗ്ദാനം ചെയ്തു. 2017 മാര്‍ച്ചില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സാങ് പറഞ്ഞു. തുടര്‍ന്ന് വന്‍ തുക മുടക്കി ഷെന്‍സെനില്‍ ഇവര്‍ ആഡംബര അപ്പാര്‍ട്ട്മെന്‍റ്  വാങ്ങി. ഇത് സാങിന്‍റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തത്. വൈകാതെ ഹാന്‍സോങില്‍ വച്ച് വിവാഹവും കഴിച്ചു. വിവാഹപ്പിറ്റേന്ന് ലീ തന്‍റെ സുഹൃത്തിനൊപ്പം കാറിലും സാങ് ഫ്ലൈറ്റിലും മടങ്ങി. ലീയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 10 മില്യണ്‍ യുവാന്‍ സാങ് ലീയോട് ആവശ്യപ്പെട്ടു. അത്രയും പണമില്ലെന്ന് പറഞ്ഞ ലീ, കയ്യില്‍ ശേഷിച്ച 2.74 മില്യണ്‍ യുവാന്‍ സാങിന്റെ അക്കൗണ്ടിലേക്കിട്ടു. 

പണം അക്കൗണ്ടിലെത്തിയതിന് പിന്നാലെ സാങ് അപ്രത്യക്ഷയായി. ഭാര്യയെ കുറിച്ച് വിവരമില്ലാതായതോടെ ലീ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്‍റെ അന്വേഷണത്തില്‍ ഹോങ്കോങ് വഴി സാങ് ലൊസാഞ്ചലസിലേക്ക് കടന്നുവെന്ന് കണ്ടെത്തി. ലീയുടെ പണം, അപാര്‍ട്മെന്‍റിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയെല്ലാമായാണ് സാങ് സ്ഥലം വിട്ടതെന്നും പൊലീസ് കണ്ടെത്തി.  വിവാഹപ്പിറ്റേന്ന് ലീയുടെ കാര്‍ തകരാറിലാക്കിയത് സാങ് ആണെന്നും പിന്നീട് കണ്ടെത്തി. അപകടത്തിലൂടെ കൊലപ്പെടുത്തി മുഴുവന്‍ സ്വത്തും തട്ടാനായിരുന്നു സാങിന്‍റെ നീക്കമെന്നും ഇതിനായാണ് വിവാഹം കഴിച്ചതെന്നും ലീ പറയുന്നു.  

തന്നെ വഞ്ചിച്ച് പോയത് സഹിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സാങിനെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ലീ പാരിതോഷികം പ്രഖ്യാപിച്ചു. യുഎസിലെ ചൈനീസ് സമൂഹങ്ങളെയും സംഘടനകളെയും പള്ളികളെയും എന്ന് വേണ്ട സാധ്യമായ സ്ഥലങ്ങളിലെല്ലാം ലീ അന്വേഷിച്ചു. സ്വകാര്യ ഡിറ്റക്ടീവുകളെയും വച്ചു. ഏകദേശം 18 കോടി രൂപ ഈ ഇനത്തില്‍ ലീ ചെലവഴിച്ചു. ഒടുവില്‍ ലൊസാഞ്ചലസ് പൊലീസ് സാങിനെ കണ്ടെത്തി. കുട്ടിയുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അത് ലീയുടെ കുട്ടിയല്ലെന്നും തെളിഞ്ഞു. 

വഞ്ചന പൊറുകാത്തെ ലീ കോടതിയില്‍ കേസ് നല്‍കി. 2020 ല്‍ കോടതി ലീയ്ക്ക് വിവാഹ മോചനം അനുവദിച്ചു. സാങിന്‍റെ പേരിലേക്ക് മാറ്റിയിരുന്ന വസ്തുവകയെല്ലാം തിരികെ ലീയുടെ പേരിലേക്ക് ആക്കി. 2024 ല്‍ സാങിന് കോടതി 65 വര്‍ഷം ജയില്‍ശിക്ഷ  വിധിക്കുകയും ചെയ്തു. ഇപ്പോഴാണ് ഇതെല്ലാം ലോകത്തോട് തുറന്ന് പറയാന്‍ തനിക്ക് ധൈര്യം വന്നതെന്നും വലിയ വഞ്ചനയിലും ചതിയിലുമാണ് അകപ്പെട്ട് പോയതെന്നും ലീ പറയുന്നു.

ENGLISH SUMMARY:

Chinese businessman Li Ping has shared a harrowing account of surviving an elaborate long-term scam that cost him nearly $2 million and nine years of his life. After marrying Zhang Shudan in 2017, Li discovered his wife had orchestrated a calculated plan to steal his wealth and even endanger his life before fleeing to Los Angeles. Li’s relentless quest for justice involved hiring private detectives and offering a $1 million reward for information, eventually leading to Zhang's discovery by Los Angeles police. The investigation exposed that she had falsified her background and even misled Li about their child's paternity. In 2024, the legal battle reached a conclusion as the court sentenced Zhang to 65 years in prison and restored Li's stolen assets. Li’s public revelation serves as a cautionary tale of betrayal, highlighting the extreme measures taken by a victim determined to see his perpetrator brought to justice.