AI IMAGE
അസുഖം കാരണം ഭാര്യയുടെ മുടി കൊഴിഞ്ഞു എന്ന കാരണത്താല്‍ വിവാഹമോചനം നേടി ഭര്‍ത്താവ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 36 വയസുകാരി ലിയുടെ ജീവിതം ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
രണ്ട് വർഷം മുമ്പാണ് ലിയുടെ മുടി പെട്ടെന്ന് നരച്ചു തുടങ്ങിയത്. പരിശോധനയിൽ അവർക്ക് വിറ്റിലിഗോ എന്ന ചർമ്മരോഗമാണെന്ന് കണ്ടെത്തി. ഈ രോഗം കാരണം ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവർ പ്രായം കൂടിയവളെപ്പോലെ കാണപ്പെടുകയും ചെയ്തു. ഒരുപാട് പ്രായം തോന്നിക്കുന്നുവെന്ന കാരണത്താല്‍ അവളുടെ ഭര്‍ത്താവ് അവളെ വെറുപ്പോടെ നോക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സാച്ചെലവ് വഹിക്കാനോ തയാറാകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
ഭാര്യയെ കൂട്ടി ബന്ധുക്കളുടെ വീട്ടിലോ പാർട്ടികൾക്കോ പോകാനും അയാൾ വിസമ്മതിച്ചു. ലി കൂടെ വരുന്നത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നായിരുന്നു അയാളുടെ വാദം. ഇത്തരത്തില്‍ മുടിയില്ലാത്ത ഭാര്യ തന്‍റെ കൂടെ നടക്കുന്നത് അന്തസിന് ഒരു കുറവാണെന്ന് വിശ്വസിച്ചയാള്‍, ഒടുവില്‍ വിവാഹമോചനം നേടുകയായിരുന്നു. പുറത്തിറങ്ങുമ്പോൾ കുട്ടികൾ പോലും പരിഹസിക്കുന്നുവെന്ന സ്ഥിതിയിലേക്ക് മാറിയ ലിക്ക് കോടതി വിധിയെത്തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ പോലും ഭര്‍ത്താവിന്‍റെ കൂടെ വിട്ടുകൊടുക്കേണ്ടി വന്നു. 16 വർഷത്തെ ദാമ്പത്യം ഇത്തരത്തിൽ അവസാനിച്ചത് അവരെ വലിയ വിഷാദത്തിലാഴ്ത്തി. സമൂഹത്തിൽ നിന്നും താൻ മാറ്റി നിർത്തപ്പെട്ടുവെന്നാണ് ലി പറയുന്നത്.
ഭര്‍ത്താവില്‍ നിന്നുള്ള അവഗണനയും മാനസികാഘാതവുമാണ് ലിയുടെ രോഗം ഇത്രത്തോളം മൂർച്ഛിക്കാൻ കാരണമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. ലിയുടെ ഈ ആരോപണങ്ങളോട് ഭർത്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.