വീണ്ടും വിദ്വേഷ പരാമർശവുമായി കലാമണ്ഡലം സത്യഭാമ . ‘ബിഗ് ബോസ്’ താരം നന്ദനയ്‌ക്കെതിരെയാണ് സത്യഭാമ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. നന്ദനയുടെ ശാരീരിക പ്രത്യേകതകളെയും വ്യക്തിത്വത്തെയും അത്യന്തം തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ച സത്യഭാമയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി നന്ദന.
‘ലോറി കേറി ഇറങ്ങിയപോലത്തെ മോന്തയാണ് നിന്‍റേത്, വവ്വാല് ചപ്പിയ പോലത്തെ മുടിയും’ എന്നിങ്ങനെ പോകുന്നു സത്യഭാമയുടെ അധിക്ഷേപങ്ങൾ. ബിഗ് ബോസിൽ പോകാൻ സൗന്ദര്യമൊന്നും വേണ്ടെന്നും ഏത് ലെവലിലുള്ളവരാണ് അവിടെ പോകുന്നതെന്ന് തനിക്കറിയാമെന്നും സത്യഭാമ പരിഹസിച്ചു. 68-ാം വയസ്സിലും താൻ സുന്ദരിയാണെന്നും നീ എന്‍റെ പ്രായമാകുമ്പോൾ മാലയിട്ട് ചുമരിൽ തൂങ്ങുമെന്നും അവര്‍ പറഞ്ഞു.
സത്യഭാമയ്ക്ക് മറുപടിയുമായി നന്ദനയും രംഗത്തെത്തി. ഇത്രയും തരംതാഴ്ന്ന രീതിയിൽ ഒരു മനുഷ്യന് സംസാരിക്കാൻ കഴിയുമെന്ന് സത്യഭാമയുടെ വാക്കുകൾ കേട്ടപ്പോഴാണ് താൻ മനസ്സിലാക്കിയതെന്ന് നന്ദന പറഞ്ഞു. നേരത്തെ ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമ വർണാധിക്ഷേപം നടത്തിയിരുന്നു.