സ്വര്‍ണത്തിന് തീവിലയാണ്. ഒരു പവന്‍ വാങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ കൊടുക്കേണ്ട നാട്ടില്‍ ഉപേക്ഷിച്ച സിംകാര്‍ഡില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയാണ് യുവാവ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഹുയിഷൗവില്‍ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് സാഹസത്തിന് പിന്നില്‍. 191 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്നാണ് യുവാവ് അവകാശപ്പെടുന്നത്.
സിം കാർഡ് കെമിക്കൽ ബാരലുകളിൽ മുക്കി സ്വർണം വേർതിരിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. തുരുമ്പിക്കലിനും ചൂടാക്കലിനും ശേഷം ചെളി പോലുള്ള സ്വര്‍ണമാണ് വേര്‍തിരിച്ചെടുക്കുന്നത്. എന്നാല്‍ ഈ രീതി സാധാരണക്കാര്‍ പിന്തുടരരുതെന്നും അപകടം പിടിച്ച ജോലിയാണിതെന്നും യുവാവ് സിയാക്സിയാങ് മോർണിംഗ് പോസ്റ്റിനോട് പറഞ്ഞു. ജനുവരി 20 തിന് യുവാവ് പങ്കുവച്ച വിഡിയോ വൈറലായി.
191 ഗ്രാമിന് 2 ലക്ഷം യുവാന്‍ (29,000 യു.എസ് ഡോളര്‍) വില വരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ 26.53 ലക്ഷം രൂപയുടെ സ്വര്‍ണമാണ് യുവാവ് വേര്‍തിരിച്ചെടുത്തത്. ഈ സ്വർണ്ണം ലഭിക്കാൻ ഏകദേശം രണ്ട് ടൺ സ്ക്രാപ്പ് ഉപയോഗിച്ചു. സിം കാർഡുകൾക്കൊപ്പം വിവിധ ചിപ്പ് മാലിന്യങ്ങളുടെ മിശ്രിതമാണെന്ന് സ്വര്‍ണം ലഭിക്കാന്‍ സഹായിച്ചത്. ഈടു നില്‍ക്കാനായി സിം കാര്‍ഡിന്‍റെ പ്രധാന ഭാഗങ്ങളില്‍ സ്വര്‍ണം പൂശും എന്നാണ് യുവാവ് പറയുന്നത്. അതേസമയം, ഒരു സിം കാര്‍ഡില്‍ 0.001 ഗ്രാം സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം.