Image Credit: X/SuvenduWB
കുന്നോളം പണമെന്ന് സങ്കല്‍പ്പിച്ചിട്ടല്ലേ ഉള്ളൂ, എന്നാല്‍ കണ്‍മുന്നില്‍ കണ്ടതിന്‍റെ ഞെട്ടലിലാണ് ബംഗാള്‍ പൊലീസ്. ബംഗാളിലെ ബിര്‍ഭൂമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊന്‍ഡാലിന്‍റെ ഉറ്റ അനുയായി മിനാര്‍ മൊന്‍ഡാലിന്‍റെ വീട്ടില്‍ നിന്നാണ് 15 കിലോയിലേറെ സ്വര്‍ണവും 28 കോടിയിലേറെ രൂപയും പൊലീസ് കണ്ടെത്തിയത്. മുമ്പ് ബസ് ഡ്രൈവറായിരുന്ന മിനാര്‍ , അനുബ്രത മൊന്‍ഡാലിന്‍റെ ഉറ്റ അനുയായി തുളു മൊന്‍ഡാലിന്‍റെ ബന്ധുവാണ്.
21 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ ബിസ്കറ്റുകളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയതിന് പിന്നാലെ മിനാര്‍ മൊന്‍ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണവും പണവും തന്‍റേതല്ലെന്നും എല്ലാം തുളു മൊന്‍ഡാലിന്‍റേതാണെന്നും താന്‍ ഇവ സൂക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് മിനാറിന്‍റെ മൊഴി.
ബുധനാഴ്ച രാത്രി തുടങ്ങിയ റെയ്ഡില്‍ ആദ്യം അഞ്ചരക്കോടി രൂപയാണ് കണ്ടെത്തിയത്. നേരം പുലര്‍ന്നതോടെ എണ്ണിത്തിട്ടപ്പെടുത്തിയ പണം 28 കോടി കവിഞ്ഞു. പണമെണ്ണി 'ക്ഷീണിച്ച്' അഞ്ച് മെഷീനുകള്‍ കേടായെന്നും പൊലീസ് വെളിപ്പെടുത്തി. എവിടെ നിന്നാണ് ഇത്രയധികം പണം മിനാറിന് ലഭിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന വന്‍ പൊലീസ് സന്നാഹമാണ് റെയ്ഡിലുടനീളം സജീവമായി സ്ഥലത്തുണ്ടായിരുന്നത്. എന്നാല്‍ എന്താണ് റെയ്ഡിലേക്ക് നയിച്ച കാരണമെന്നോ അനധികൃത ഇടപാടെന്നോ വെളിപ്പെടുത്താന്‍ പൊലീസ് ഇതുവരെയും തയാറായിട്ടില്ല. അഴിമതിയോട് സന്ധി ചെയ്യുന്ന പ്രശ്നമില്ലെന്നായിരുന്നു വാര്‍ത്ത പങ്കുവച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രതികരണം. ' മണ്ണ് മാഫിയയുടെ വേരിളക്കുന്ന ഓപ്പറേഷനാണ് നിയമപാലകര്‍ നടത്തിയതെന്നും അഭിനന്ദനങ്ങള്‍' എന്നും സുവേന്ദു എക്സില്‍ കുറിച്ചു. ബംഗാള്‍ ഗതാഗത വകുപ്പിലെ മുന്‍ ജീവനക്കാരനായിരുന്നു മിനാര്‍. നിലവില്‍ കല്ല് വ്യവസായിയും.
2024ല്‍ 100 കോടി രൂപ ചെലവഴിച്ചാണ് തുളു മൊന്‍ഡാല്‍ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയത്. ബോളിവുഡ് താരങ്ങളടക്കം അന്ന് ബിര്‍ഭൂമിലേക്ക് എത്തി. തുളുവിന്‍റെ അനധികൃത സ്വത്തില്‍ നിന്നാണ് അന്നും ആര്‍ഭാടം കാണിച്ചതെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്. അതേസമയം, റെയ്ഡിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.