വീടാക്രമിച്ചവരെ വിമര്‍ശിച്ച സിപിഎം നേതാവിനെതിരെ രണ്ട് കേസെടുത്ത് ബംഗാളിലെ ബിജെപി സര്‍ക്കാര്‍. വീടാക്രമിച്ചത് ഹിന്ദുത്വവാദികളാണെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചതിന്‍റെ പേരിലാണ് സിപിഎം നേതാവ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയ്ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ഭീഷണിപ്പെടുത്തിയത്. ‘ബികാഷ് രഞ്ജന്‍റെ വീടാക്രമിച്ച സംഭവം അന്വേഷിക്കും. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ ആക്രമണം നടത്തിയത് ഹിന്ദുത്വവാദികളാണെന്ന് അയാള്‍ എങ്ങനെയാണ് പറയുക? അത് ഹിന്ദു സമുദായത്തെ അപമാനിക്കലാണ്. അയാള്‍ക്കെതിരെയും നടപടിയെടുക്കും.’ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ സുവേന്ദു പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി
‘ഞാന്‍ ഇതങ്ങനെ വെറുതേ വിടാന്‍ പോകുന്നില്ല. കാവിക്കും സനാതന ധര്‍മത്തിനും ഹിന്ദുത്വയ്ക്കും ദേശീയവാദി ശക്തികള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്ന എല്ലാവരെയും പാഠം പഠിപ്പിക്കും.’ ബംഗാള്‍ മുഖ്യമന്ത്രി ഭീഷണി മുഴക്കി. സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനുപിന്നാലെ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ കുറിപ്പിന്‍റെ പേരിലാണ് തോപ്‍സിയ, ഗര്‍ഫ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തത്.
കൊല്‍ക്കത്ത മുന്‍ മേയറും മുതിര്‍ന്ന അഭിഭാഷകനുമായ ഭട്ടാചാര്യയുടെ കലികാപൂരിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ മദ്യം നിറച്ച കുപ്പികളെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ജനല്‍പാളികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. വീട്ടുജോലിക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് ഭട്ടാചാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയുടെ ഫെയ്സ്‍ബുക് കുറിപ്പ്
അക്രമത്തിനുപിന്നാലെ വൈകുന്നേരം ഭട്ടാചാര്യ ഫെയ്സ്ബുക്കില്‍ ‘ഹിന്ദുത്വവാദി ഗൂണ്ടകള്‍ എന്‍റെ വീടാക്രമിച്ചു. അവര്‍ മുഖവും ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകളും മറച്ചാണ് വന്നത്. ആസൂത്രിതമായിരുന്നു ആക്രമണം. ഇവര്‍ തീവ്രവാദികളല്ലെങ്കില്‍ മറ്റാരാണ്? ഇതൊന്നും കൊണ്ട് എന്നെ ഭീഷണിപ്പെടുത്താനാവില്ല. ഇനി ഞാന്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കും.’ എന്ന് പോസ്റ്റിട്ടു. ഈ പോസ്റ്റിന്‍റെ പേരിലാണ് സുവേന്ദു അധികാരിയുടെ ഭീഷണിയും പൊലീസിന്‍റെ നടപടിയും.
പൊലീസ് പിന്നീട് അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. നരേന്ദ്രപുരില്‍ താമസിക്കുന്ന ബപ്പ ഗുചൈത്താണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന്‍റെ കാരണവും ഉദ്ദേശ്യവും അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിന് പിന്നാലെ ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കൊടി തലയില്‍ ചുറ്റി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
കൊലപാതക ശ്രമം, നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കല്‍, ജീവനും സ്വത്തിനും അപായമുണ്ടാക്കാന്‍ ശ്രമിക്കല്‍, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബപ്പ ഗുചൈത്തിനെതിരെ കേസെടുത്തത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുനശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.