ആനയെ കാണാനുള്ള അതിയായ ആഗ്രഹത്തില്‍ കോന്നി ആനക്കൂട്ടിലെത്തിയ അഭിറാം കോണ്‍ക്രീറ്റ് തൂണവീണ് മരിച്ചതിന്‍റെ ആഘാതത്തിലാണ് കുടുംബം. അഭിറാമിന്‍റെ ആഗ്രഹപ്രകാരമാണ് അമ്മ അവനെ ആനക്കൂട്ടിലെത്തിച്ചത് . തൂണുവീണ് അവന് ദാരുണ അന്ത്യമുണ്ടായാതും അമ്മയുടെ മുന്നില്‍ത്തന്നെ.
അടൂർ കടമ്പനാട് സ്വദേശികളായ അജിയുടെയും ശാരിയുടെയും ഏക മകനാണ് നാലു വയസ്സുകാരൻ അപ്പുക്കുട്ടൻ എന്ന അഭിറാം. വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷമാണ് അഭിറാം ജനിച്ചത്. അജിക്ക് ദുബായിലാണ് ജോലി.
നാലുവയസുകാരൻ അഭിരാമന്‍റെ ആഗ്രഹമായിരുന്നു ആനകളെ കാണണമെന്ന്. ആഗ്രഹം സാധിക്കാനാണ് അമ്മ ശാരി അഭിറാമിനെയും കൂട്ടി കോന്നി ആനക്കൂട്ടിൽ എത്തിയത്. ശാരിയുടെ സഹോദരി അടക്കമുള്ളവർ ഒരുമിച്ചാണ് ഓട്ടോറിക്ഷയിൽ കല്ലേലി ക്ഷേത്രത്തിൽ തൊഴാൻ പോയത്. തൊഴുതു മടങ്ങും വഴി ആനക്കൂട്ടിൽ എത്തി.
അഭിറാം ആനകളെയും ആനപ്രതിമകളും കണ്ടു. തിരിച്ചുവരും വഴിയാണ് ഫോട്ടോയെടുക്കാൻ വേണ്ടി തൂണിൽ പിടിച്ചുനിന്നത്. അമ്മയുടെ സഹോദരിയോട് ഫോട്ടോയെടുക്കാനും പറഞ്ഞു. പക്ഷേ പടം ഫോണിൽ പതിയും മുൻപ് കോൺക്രീറ്റ് തൂൺ അഭിരാമിന് മുകളിൽ വീണു.
തലയിൽ നിന്ന് ചോര വാർന്നൊഴുകിയ അഭിരാമിനെ വാരിയെടുത്താണ് ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയത്. മരണപ്പാച്ചിലിൽ അമ്മ ശാരിയുടെ ചെരുപ്പുകൾ തെറിച്ച് വീണത് അഭിരാമന്‍റെ ജീവനെടുത്ത തൂണിന്‍റെ ചുവട്ടിൽ ഉണ്ട്.