പത്തനംതിട്ട കോന്നി ചെങ്ങറ സമരഭൂമിക്ക് സമീപം പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 40 വയസ്സോളം പ്രായം തോന്നും. വനം വകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന പിടിയാനയെയാണ് ചരിഞ്ഞത്.
ചെങ്ങറ സമരഭൂമിയിലുള്ളവരാണ് രാവിലെ പിടിയാന ചരിഞ്ഞത് കണ്ടത്. സമരഭൂമിക്ക് മുന്നിലൂടെ ഒഴുകുന്ന അരുവിയിലായിരുന്നു ആനയുടെ ജഡം. ഉടൻതന്നെ വനപാലകരെ വിവരമറിയിച്ചു. രണ്ടാഴ്ചയോളമായി ആന പരിസരത്തുണ്ടായിരുന്നു. വനപാലകരും നിരീക്ഷിക്കുന്നുണ്ടായിരുന്നു. 40 വയസ്സോളം പ്രായമുണ്ടെന്ന് കരുതുന്നു. എല്ലും തോലുമായ അവസ്ഥയിലാണ് പിടിയാന. മരണകാരണത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് വനപാലകർ അറിയിച്ചു. ഇവിടെ സ്ഥിരമായി കാട്ടാന ശല്യമുള്ള സ്ഥലമാണെന്ന് സമരഭൂമിയിലെ താമസക്കാർ പറഞ്ഞു.
നിരന്തരമായി കാട്ടാന ശല്യമുള്ള മേഖലയാണ് കോന്നി. മുൻപും സമാനമായ രീതിയിൽ കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടിട്ടുണ്ട്. ചിലതിന്റെ താഴത്തെ താടിയെല്ല് തകർന്ന നിലയിലായിരുന്നു. തോട്ടങ്ങളിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ നായ്ക്കളെ എത്തിച്ച് വനപാലകർ പരിശോധന നടത്തിയിരുന്നു. തീറ്റയെടുക്കാൻ കഴിയാത്ത വിധത്തിലുള്ള പരുക്ക് പിടിയാനയ്ക്ക് പറ്റിയിട്ടുണ്ടാകാം എന്നാണ് നിഗമനം.