പത്തനംതിട്ട അടൂരിലെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരനെ തള്ളിത്താഴെയിട്ടതില്‍ ദുര്‍ബല വകുപ്പിട്ട് കേസെടുത്തു എന്ന് ആരോപണം. ജീവനക്കാരന്‍ മോശമായി പെരുമാറിയെന്നും ബലപ്രയോഗത്തിനിടെ മഴവെള്ളത്തില്‍ തെന്നി വീണെന്നുമാണ് പ്രതിയുടെ ബന്ധുക്കള്‍ പറയുന്നത്.
പാര്‍ക്കിങ്ങ് തര്‍ക്കത്തിലാണ് സുരക്ഷാ ജീവനക്കാരനെ പന്തളം സ്വദേശി അഖില്‍ മുഹമ്മദ് ആക്രമിച്ചത്.പിടിച്ചു തള്ളിയപ്പോള്‍ ആറ് പടികളുടെ താഴേക്ക് തലകീഴായാണ് ജീവനക്കാരന്‍ വീണത്. സുരക്ഷാ ജീവനക്കാരന്‍ കടമ്പനാട് സ്വദേശി ബിജുവാണ് ആക്രമണത്തിന് ഇരയായത്. കഴുത്തൊടിയാതെ രക്ഷപെട്ടത് ഭാഗ്യം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അടൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സുരക്ഷാ ജീവനക്കാരനെ ഡ്യൂട്ടിക്കിടയില്‍ ആക്രമിച്ചത് പൊലീസ് നിസാരമായിക്കണ്ടു എന്നാണ് ഏജന്‍സിയുടെ ആരോപണം
അഖിലും സഹോദരിയും ഒരുമിച്ചാണ് കടയില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയതാണ് പ്രകോപനമായതെന്ന് അഖിലിന്‍റെ പിതാവ് ഫോണില്‍ പ്രതികരിച്ചു. ഗുരുതരമായ പരുക്കുകള്‍ ഇല്ലാത്തതിനാലാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് എന്നാണ് പൊലീസിന്‍റെ വിശദീകരണം.