അടച്ചിടലുകള്‍ക്കുശേഷം അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. അവധിക്കാലം കഴിയാറായതോടെ ഇനി മണ്‍സൂണ്‍കാലത്താണ് കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നത്. പണ്ട് ഹൊഗനക്കലിലെ കുട്ടവഞ്ചി കണ്ട് അല്‍ഭുതപ്പെട്ടവരൊക്കെ ഇപ്പോള്‍ അടവിയിലേക്ക് ആണ് യാത്ര. കാടിന് നടുവില്‍ കല്ലാറിലൂടെയാണ് തുഴച്ചില്‍.
പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്തിലാണ് വനംവകുപ്പ് കോന്നി ഡിവിഷന്‍റെ കീഴിലുള്ള കുട്ടവഞ്ചി സവാരികേന്ദ്രം. ഉള്ളിലേക്ക് കടന്നാല്‍ സുന്ദരമായ പൂന്തോട്ടം. കുട്ടവഞ്ചി തന്നെ കുടയായി മാറിയ ഇരിപ്പിടങ്ങള്‍. ടൂറിസം സെന്‍ററിലേക്കുള്ള പ്രവേശനത്തിന് ഫീസില്ല. കുട്ടവഞ്ചിയാത്ര വേണമെങ്കില്‍ അതിനുള്ള പണം അടയ്ക്കണം.കുട്ടവഞ്ചി സവാരിക്കല്ലാതെ കല്ലാറില്‍ നീന്താനും വെള്ളത്തില്‍ കളിക്കാനുമെല്ലാം ആളുകളെത്തും.
2014ല്‍ കുട്ടവഞ്ചി സവാരി തുടങ്ങിയപ്പോള്‍ മുതല്‍ തിരഞ്ഞെടുത്ത നാട്ടുകാരാണ് തുഴച്ചില്‍ക്കാര്‍. കുട്ടവഞ്ചികള്‍ വരുന്നത് കര്‍ണാടകയിലെ ഹൊഗനക്കലില്‍ നിന്ന് തന്നെ. അവരാണ് തുഴച്ചില്‍ പരിശീലനം നല്‍കിയതും. കല്ലാറിലെ ഒഴുക്കിനെതിരെയാണ് തുഴച്ചില്‍. തുഴഞ്ഞു പോകുമ്പോള്‍ കാഴ്ചയാകുന്നത് പലകാലങ്ങളിലായി പൂക്കുന്ന മരങ്ങളാണ്. തുഴച്ചില്‍ക്കാരനായ വില്‍സണ് മനസില്‍ യാത്രയൊരു കവിതയായി
കെഎസ്ആര്‍ടിസിയുടെ ഗവിയാത്രക്കാര്‍ വരുന്നതിനാല്‍ രാവിലെ ഏഴുമണിയോടെ കുട്ടവഞ്ചി സവാരി കേന്ദ്രം സജീവമാകും. വരുന്ന മഴക്കാലം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ഓണക്കാലമായാല്‍ കുട്ടവഞ്ചി തുഴച്ചില്‍ അടക്കം ആഘോഷമാണ്.