പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയായ ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരവുമായി മലയാളി സ്ഥാപനം. ഡയപ്പർ ഡിസോൾവർ' എന്ന പുതിയ ഉൽപ്പന്നമാണ് കൊല്ലത്ത് നിന്നുള്ള 'ഹൈജീൻ ലബോറട്ടറീസ് അവതരിപ്പിച്ചത്. പ്രകൃതിക്ക് ദോഷമില്ലാതെയുള്ള ശാസ്ത്രീയ സംസ്കരണ രീതിക്ക് കമ്പനിക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
ഡയപ്പറുകളിലും നാപ്കിനുകളിലും ജലാംശം ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്ന 'സോഡിയം പോളി അക്ക്രിലേറ്റ്' എന്ന കെമിക്കൽ ജെൽ ആണ് മാലിന്യ സംസ്കരണത്തിലെ പ്രധാന വില്ലൻ. ഇവ വെള്ളം തട്ടുമ്പോൾ വികസിക്കുകയും, മണ്ണിൽ ലയിക്കാതെ വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യും.
ഡ്രെയിനേജുകളിലും മറ്റും ഇവ അടിഞ്ഞുകൂടുന്നത് വെള്ളക്കെട്ടിനും കാരണമാകാറുണ്ട്. ഈ പ്രശ്നത്തിനാണ് കൊല്ലം ആസ്ഥാനമായ ഹൈജീൻ ലബോറട്ടറീസ് പരിഹാരവുമായി എത്തിയിരിക്കുന്നത്.
ഉപയോഗിച്ച ഡയപ്പറോ നാപ്കിനോ 'ഡയപ്പർ ഡിസോൾവർ' ലായനിയിൽ ഏകദേശം 30 മിനിറ്റ് മുക്കിവെച്ചാൽ അതിലെ ജെൽ ഘടകം പൂർണ്ണമായും ലയിച്ചു പോകും. ജെൽ ലയിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള പ്ലാസ്റ്റിക്, കോട്ടൺ ഭാഗങ്ങൾ എളുപ്പത്തിൽ വേർതിരിക്കാം. ഇവ ഉണക്കിയ ശേഷം സാധാരണ പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലെ റീസൈക്കിൾ ചെയ്യാനോ ഇൻസിനറേറ്ററുകളിൽ നൽകി കത്തിച്ചുകളയാനോ സാധിക്കും.
ജലാംശം ആഗിരണം ചെയ്യുന്ന രാസവസ്തുവിനെ നിർവീര്യമാക്കുന്ന ഈ രീതിക്ക് കമ്പനി പേറ്റന്റ് നേടിയിട്ടുണ്ട്. ഉൽപ്പന്നത്തിൻ്റെ ഉപയോഗം പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.