കൊല്ലം ചെറുമൂട് രാജു എഡ്‌വേര്‍ഡിന്റെ (53) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യ ലേഖ മേരി (48) അറസ്റ്റിലായി. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് ഭര്‍ത്താവിനെ കൊന്നതെന്ന് ഇവര്‍ മൊഴി നല്‍കി. വസ്തു കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. രാജുവിന് അമിതമായി മരുന്ന് നൽകിയെന്നും സംശയിക്കുന്നു. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലേഖയുടെ ആണ്‍സുഹൃത്തായ പ്രാക്കുളം സ്വദേശി പൊലീസ് നിരീക്ഷണത്തിലാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് കൃത്യം നടത്താനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് .
ഒക്ടോബർ രണ്ടിന് പുലർച്ചയോടുകൂടി രാജു മരിച്ചെന്ന് പറഞ്ഞ് ലേഖയാണ് ബന്ധുക്കളെ വിളിച്ചുണർത്തുന്നത്. കഴുത്തില്‍ കണ്ട അടയാളമാണ് വഴിത്തിരിവായത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്നാണ് കഴുത്തിൽ ചില പാടുകൾ കണ്ടതും ശ്വാസം മുട്ടിയാണ് മരണകാരണമെന്ന് കണ്ടെത്തുന്നതും. രാജുവും ലേഖയും തമ്മില്‍ നേരത്തെയും ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.