elephant-attack

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മയാണ്(80) മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിയ്ക്കായി എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.

9 മണിയോടെ തൊഴിലുറപ്പ് ജോലിക്കായാണ് രാജമ്മയും മറ്റ് സഹപ്രവർത്തകരും പത്തനാപുരം ഉമ്മന്നൂരിൽ എത്തിയത്. പഞ്ചായത്തിൽ നൽകേണ്ട തൊഴിലാളികളുടെ ഫോട്ടോ എടുക്കാൻ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആനയുടെ വരവ്.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികൾ ചിതറി ഓടി. രാജമ്മയെ കാണാതിരുന്നതോടെ വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ തിരികെ എത്തി നോക്കിയപ്പോഴാണ് 80കാരിയെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്തെ വന്യജീവിശല്യം രൂക്ഷമാണെന്നും കഴിഞ്ഞദിവസം പുലിയെ കണ്ടെന്നും തൊഴിലാളികൾ പറയുന്നു. രാജമ്മയുടെ കുടുംബത്തിന് അടിയന്തര സഹായം ഉടൻ ലഭ്യമാക്കുമെന്ന് പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാല പറഞ്ഞു.വിദേശത്തുള്ള മകൾ എത്തിയാലുടൻ രാജമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കും. വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

ENGLISH SUMMARY:

Pathanapuram elephant attack tragically claimed the life of an elderly MGNREGA worker.