സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിലെ എംഡി വിദ്യാർഥി ഡോക്ടർ അശ്വിന്റെ കണ്ണും കരളും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്.
ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിൽപ്പെട്ട അശ്വിനെ കൊല്ലത്ത് സ്വന്തം നാട്ടില്‍ ചികില്‍സയ്ക്കായി കൊണ്ടുപോയിരുന്നു. ചികിത്സയിലിരിക്കെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ധാരണ പ്രകാരം കണ്ണ്, ഹൃദയവാൽവ്, കരൾ എന്നിവയാണ് ദാനം ചെയ്യുക.
കണ്ണും, കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഹൃദയ വാൽവ് - തിരുവനന്തപുരം ശ്രീചിത്രയിലേക്കും, കൊണ്ടുപോയി. ആശുപത്രി അധികൃതർ സഹകരണ ആശുപത്രിയിലെത്തിയാണ് അവയവങ്ങൾ ഏറ്റുവാങ്ങിയത്.പ്രിയപ്പെട്ട മകൻറെ അവയവങ്ങൾ മറ്റുള്ളവരിലൂടെ വീണ്ടും ജീവിക്കട്ടെയെന്നു അശ്വിന്‍റെ അച്ഛൻ പറഞ്ഞു.
മെഡിക്കൽ വിദ്യാർഥിയായ അശ്വിന്‍റെ വിവാഹ നിശ്ചയം ഈ മാസം 12നായിരുന്നു. ഓഗസ്റ്റിൽ വിവാഹം നടത്താനിരിക്കെയാണ് അപകടം. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹന ചന്ദ്രൻ നായർ, അമ്മിണിയമ്മ ദമ്പതികളുടെ മകനാണ് അശ്വിൻ.