കൊല്ലത്ത് എം. മുകേഷ് ഒഴികെയുള്ള മൂന്ന് സിറ്റിങ് എംഎൽഎമാരെ മല്‍സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ. ഇരവിപുരത്ത് രണ്ട് ടേം പൂർത്തിയാക്കിയ എം. നൗഷാദിനെ മല്‍സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെതായിരിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ, ചവറയിൽ ഡോ സുജിത്ത് വിജയൻപിള്ള എന്നിവർ വീണ്ടും മല്‍സരിക്കും. കൊല്ലത്ത് എം.മുകേഷിന് പകരം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്.ജയമോഹനനെയും കുണ്ടറയിൽ മുൻ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എസ്.എൽ.സജികുമാറിനെയും മല്‍സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.
അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും. അഞ്ചുതവണ എംഎൽഎ ആയ കോവൂർ കുഞ്ഞുമോനെ മാറ്റണമോ എന്നുള്ള കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാകും തീരുമാനമെടുക്കുക. കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന പാർട്ടി നിർദേശം യോഗത്തിൽ ചർച്ചയായില്ല. സിറ്റിങ് എംഎൽഎ കോവൂർ കുഞ്ഞുമോനെ ഇപ്പോൾ പിണക്കേണ്ടതില്ല എന്നായിരുന്നു യോഗത്തിൽ എം. വി.ഗോവിന്ദന്റെ നിർദ്ദേശം.
സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കും എന്ന് കരുതിയ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എക്സ്. ഏണസ്റ്റ്, സബിതാ ബീഗം എന്നിവരെ പരിഗണിച്ചില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെഎൻ ബാലഗോപാൽ പുത്തലത്ത് ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗം.