കഴിഞ്ഞ ദിവസം പുലി കിണറ്റില്‍ വീണ പത്തനാപുരം പ്രദേശത്തു വന്യമൃഗശല്യം രൂക്ഷം. പ്രദേശത്ത് ആനയേയും പുലിയേയും പേടിച്ച് പ്രദേശവാസികള്‍ രാത്രിയായാല്‍ പുറത്തിറങ്ങാറുപോലുമില്ല. സോളര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചിടത്തു പോലും അതു പ്രവര്‍ത്തിക്കുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
കൊല്ലം പത്തനാപുരത്ത് റിസര്‍വ് ഫോറസ്റ്റിനു സമീപത്തു താമസിക്കുന്നവരാണ് ഭീതിയോടെ ദിവസം തള്ളിനീക്കുന്നത്. രാത്രി ആനയും , പുലിയും, പന്നിയുമുള്‍പ്പെടെയുള്ളവ വീട്ടു മുറ്റത്ത് സ്ഥിരമായി എത്താറുണ്ട്. വന്യമൃഗ ആക്രമണങ്ങള്‍ ഭയന്നാണ് കുട്ടികളേയും കൊണ്ടു ഇവര്‍ വീടുകളില്‍ താമസിക്കുന്നത്. റിസര്‍വ് ഫോറസ്റ്റിന്‍റെ അതിര്‍ത്തികളില്‍ സോളര്‍ ഫെന്‍സിങ്ങ് അപൂര്‍വ്വം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ തന്നെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. ആന പലപ്പോഴും ഫെന്‍സിങ്ങ് തകര്‍ത്താണ് ജനവാസ മേഖലയിലേക്കിറങ്ങുന്നത്. കഴിഞ്ഞ ദിവസം വീട്ടു മുറ്റത്തെത്തിയ പുലിയാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീണത്.
രാത്രിയായാല്‍ വന്യജീവി ആക്രമണം ഭയന്നു ആരും പുറത്തിറങ്ങാറില്ല. അസുഖം വന്ന് ആശുപത്രിയില്‍ പോകാന്‍ വിളിച്ചാല്‍ പോലും വാഹനങ്ങളുമായി വരാന്‍ ആരും തയ്യാറാകുന്നുമില്ല. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവരുടെ ജീവിതം.