പ്രായമേറുമ്പോള്‍ ജീവിതം വീട്ടിനുള്ളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നു പ്രവൃത്തിയിലൂടെ ലോകത്തോടു പറഞ്ഞ് അമ്മമാരുടെ ചിത്ര പ്രദര്‍ശനം. ടി കെഎം കോളജില്‍ നിന്നു വിരമിച്ച് 70 വയസിനുശേഷം കലാഗ്രാമത്തില്‍ പോയി വര പഠിച്ച് ആഗ്രഹത്തെ ചിത്രങ്ങളാക്കുകയായിരുന്നു പ്രൊഫസര്‍ ശാന്തകുമാരി. ഒപ്പം പിന്തുണയുമായെത്തിയത് വീട്ടമ്മയായ ഉമാറാണിയും.
ചിത്രകാരിയാകണമെന്നു വിദ്യാര്‍ഥി കാലഘട്ടം മുതലേ അടങ്ങാത്ത ആഗ്രഹമായിരുന്നു ശാന്തകുമാരിക്ക് . വിദ്യാര്‍ഥികാലം കഴിഞ്ഞ് ജോലിയും വീട്ടിലെ പ്രാരാബ്ദങ്ങളുമായപ്പോള്‍ മുന്‍ഗണനയില്‍ നിന്നു വരമാറ്റിവെച്ചു. വിരമിച്ചപ്പോള്‍ വീണ്ടും തിരക്കായി. എന്നാല്‍ ആഗ്രഹങ്ങളെ അങ്ങനെ വിട്ടുകളയാന്‍ ഒരുക്കമല്ലായിരുന്നു ശാന്തകുമാരി. 70 പിന്നിട്ടശേഷം കലാഗ്രാമത്തില്‍ എത്തി. ഒടുവില്‍ ആഗ്രഹങ്ങള്‍ ഇക്കാണുന്ന ചിത്രങ്ങളായി.
വീട്ടമ്മയായ ഉമാറാണിയുടെ ആഗ്രഹത്തിനു കൂട്ടുനിന്നത് മക്കള്‍ മുതല്‍ ചെറുമക്കള്‍ വരെ . ഭരണഘടനയുടെ ആമുഖം തുണിയില്‍ തുന്നിചേര്‍ത്തു മൂന്നു ഭാഷയില്‍ വര പഠിച്ചെന്നു മാത്രമല്ല , ചിത്രങ്ങള്‍ ചേര്‍ത്ത് പ്രദര്‍ശനവും ഒരുക്കി ഇവര്‍. ആശ്രാമം 8 പോയിന്‍റ് ആര്‍ട് കഫെയിലാണ് ഇവരുടെ കലാ വിസ്മയം അരങ്ങേറുന്നത്.