യുദ്ധസ്മരണകൾ പുതുക്കി ഓച്ചിറ ക്ഷേത്രാങ്കണത്തിലെ ഓച്ചിറകളി. ആചാരവും വിശ്വാസവും ഇടകലർന്ന ഓച്ചിറക്കളി രാജവംശങ്ങൾ തമ്മിൽ പണ്ടുകാലത്ത് നടന്ന യുദ്ധങ്ങളുടെ ഓർമ്മപ്പുതുക്കൽ കൂടിയാണ് .
മിഥുനം ഒന്ന് രണ്ട് തിയതികൾ ഓണാട്ടുകരക്കാർക്ക് രണസ്മരണകൾ പുതുക്കുന്ന ദിനമാണ്. അന്നേദിവസം ഈ നാട്ടുകാർ ഓച്ചിറ ക്ഷേത്രത്തിൽ ഒത്തുചേരും. പടനിലത്തെ അങ്കത്തട്ടിൽ ഏറ്റുമുട്ടും. നൂറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയ ആചാരം.
രാജവംശങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓച്ചിറക്കളി. പണ്ടുകാലത്ത് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത് ഓച്ചിറ പടനിലത്താണെന്ന് വിശ്വസിക്കപ്പെടുന്നു. കാലം മാറിയിട്ടും ആ പഴയ പോരാട്ട വീര്യം ഓണാട്ടുകരക്കാരില്‍ നിന്ന് ചോർന്നുപോയിട്ടില്ല. അതിന്‍റെ തെളിവാണ് ഓച്ചിറക്കളി.
ഒരുമാസത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് യോദ്ധാക്കൾ പടനിലത്ത് എത്തുന്നത്. പടത്തലവന് കൊടിക്കൂറ കൈമാറി വാദ്യമേളങ്ങളുടെ അകമ്പടിയോടെ യോദ്ധാക്കളെ സ്വീകരിച്ചു. ക്ഷേത്ര പദക്ഷിണത്തിന് ശേഷം യോദ്ധാക്കൾ കിഴക്ക്....പടിഞ്ഞാറ് ഭാഗങ്ങളിലായി അണിനിരന്നു. കരക്കളിക്ക് ശേഷം യോദ്ധാക്കൾ എട്ടുകണ്ടത്തിലിറങ്ങി പരസ്പരം ഏറ്റുമുട്ടി. വിവിധ കളരി പയറ്റുസംഘങ്ങളുടെ നേതൃത്വത്തിൽ പ്രദർശന കളരിപ്പയറ്റും അരങ്ങേറി.