കൊല്ലം പൂയപ്പള്ളിയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഓയൂർ സ്വദേശികളും സഹോദരന്മാരും ആയ വിനേഷ് അനുജൻ വിനീത് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഓയൂർ പനയറക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ജെസിബി ഓപ്പറേറ്ററായ അച്ചൻകോവിൽ സ്വദേശി പ്രവീണിനെയാണ് മർദ്ദിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നത്. ഈ രണ്ട് പ്രതികളും പ്രവീണും സുഹൃത്തുക്കളാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രവീണിനെ ഭക്ഷണം കഴിക്കാനായി ചെങ്കുളത്ത് വിളിച്ച് വരുത്തി ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോയി.
കാർ മരുതമൺ പള്ളിയിൽ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ പ്രവീണിന്റെ കഴുത്തിൽ കത്തി വെച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഇയാൾ ധരിച്ചിരുന്ന സ്വർണ്ണ മാല,കൈചെയിൻ, വാച്ച് എന്നിവ അപഹരിക്കുകയുംചെയ്തു. എതിർക്കാൻ ശ്രമിച്ച പ്രവീണിനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയ ശേഷം രക്ഷപെടുകയായിരുന്നു.കാറിൽ ഇവരെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ രണ്ട് പേർ കൂടി ഉണ്ടായിരുന്നു.
പ്രവീൺ പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായും കൃത്യത്തിനുപയോഗിച്ച് കാറിനു വേണ്ടിയും പോലീസ് അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.