കൊല്ലം പത്തനാപുരം വനമേഖലയിൽ യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസിൽ ഒളിവിൽ ആയിരുന്ന ഒന്നാംപ്രതിയും പിടിയിൽ. ഓലപ്പാറ സ്വദേശി അനിൽകുമാറാണ് പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാംപ്രതി റഹ്മാൻ ഷാജി മുൻപ് അറസ്റ്റിലായിരുന്നു.
പിറവന്തൂർ സ്വദേശി ഓമനക്കുട്ടനെ കൊലപ്പെടുത്തിയ കേസിലെ ഒളിവിൽ ആയിരുന്ന പ്രതിയെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്. ഒളിവിൽ ആയിരുന്ന അനിൽകുമാർ പോലീസിനെ കബളിപ്പിക്കുവാനായി സിനിമ സ്റ്റൈലിലാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടയാണ് മുൻകൂർ ജാമ്യം എടുക്കുന്നതിനായി പുനലൂർ കോടതിയെ സമീപിക്കുമ്പോൾ കോടതി പരിസരത്തുനിന്നുമാണ് പ്രതിയെ പിടികൂടുന്നത്.
ഏപ്രിൽ പന്ത്രണ്ടാം തീയതിയാണ് കറവൂർ വനമേഖലയിൽ മൂന്നുദിവസം പഴക്കമുള്ള നിലയിൽ രജി എന്ന് വിളിക്കുന്ന ഓമനക്കുട്ടന്റെ മൃതദേഹം കാണുന്നത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത് പിന്നീട് പോസ്റ്റ്മാർട്ടത്തിന് ശേഷമാണ് കൊലപാതകം ആണെന്ന് കണ്ടെത്തുന്നത്.നെഞ്ചിലും തലയ്ക്കുമേറ്റ സാരമായ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.