dmo-klm

കൊല്ലം ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഡിഎംഒ ഇല്ല. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേക്ഷിക്കെ ഡിഎംഒ ഓഫിസില്‍ വരാറില്ലെന്നാണ് ആക്ഷേപം.  ഇന്നുമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചത്.

ജില്ലയില്‍ ഡിഎംഒ ഉണ്ടോയന്നു ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലേയെന്നു ചോദിച്ചാല്‍ ഇല്ലെന്നും പറയാവുന്ന അവസ്ഥയെന്നാണ് ആരോഗ്യവകുപ്പിലെ അടക്കം പറച്ചില്‍. ഇന്നലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി  ഡിഎംഒയാണ് വിവരിച്ചത്.    ഡിഎംഒ ഓഫിസിലെത്താതുകാരണം തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നില്ല. സര്‍ക്കാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നുമില്ല. ഡിഎം ഒ ഡോ . അനിത ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുകയാണ് . വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അനുവദനീയമായ ലീവ് എടുക്കുന്നുവെന്നാണ് വിശദീകരണം.     

ഇന്നലെ ആരോഗ്യവകുപ്പിന്‍റെ അനാസ്ഥ ആരോപിച്ച് ഡിഎംഒയെ ഉപരോധിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡെപ്യൂട്ടി ഡിഎംഒയെ ഉപരോധിക്കേണ്ടി വന്നു.   മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാര്‍ മരിച്ചതിനു പിന്നാലെആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചതും ഡെപ്യൂട്ടി ഡിഎംഒയാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികള്‍ മരിച്ച സ്ഥലം പോലും സന്ദര്‍ശിച്ചത്.

ENGLISH SUMMARY:

As jaundice spreads in Kollam district, there is concern over the absence of the District Medical Officer (DMO) to lead preventive efforts. Allegations state that the DMO, who is just days away from retirement, has not been attending office. The Deputy DMO has assured that intensified preventive measures will begin from today.