aroor

അപകട ഭീഷണി ഉയർത്തി ആലപ്പുഴ അരൂരിലും മണൽക്കൂനകൾ. അരൂരിലും ചന്തിരൂരിലുമാണ് ഉയരപ്പാതയുടെ നിർമാണ അവശിഷ്‌ടങ്ങളും മണലും മലപോലെ കൂട്ടിയിട്ടിരിക്കുന്നത്. സംഭരണ കേന്ദ്രത്തിന് സമീപത്തെ ഒരു വീട്ടുകാർ പ്രാണഭയത്താൽ സ്വന്തം  വീടൊഴിഞ്ഞ് വാടക വീട്ടിലേക്ക് താമസം മാറി. 

വയനാട് മണ്ണിടിഞ്ഞ് ദുരന്തം ഉണ്ടായതുപോലെ സംഭവിക്കുമോ എന്ന ആശങ്കയിലാണ് ആലപ്പുഴ അരൂരിലെയും ചന്തിരൂരിലെയും നാട്ടുകാർ. ഉയരപ്പാത നിർമാണാവശിഷ്ടങ്ങളും, മണലും മലപോലെ കൂട്ടിയിട്ടിരിക്കുകയാണ് ഇവിടെ.  കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ ശക്തമായ മഴയിൽ ചുറ്റുപാടുകളിലേക്ക് ഇടിഞ്ഞുവീഴുകയാണ്. 

അരൂരിൽ മണ്ണും അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്ന കേന്ദ്രത്തിന് സമീപത്തെ ഒരു കുടുംബം പ്രാണഭീതിയിൽ വീടൊഴിഞ്ഞു പോയി. ഇപ്പോൾ ഒരു മാസമായി വാടകവീട്ടിൽ കഴിയുന്നു. അരൂർ ആന്നുരുത്തി വീട്ടിൽ മുഹമ്മദും കുടുംബവുമാണ് വീടുവിട്ടത്. ഇവർ താമസിച്ചിരുന്ന ഇരുനില വീടിന്‍റെ തറയിലും ഭിത്തിയിലുമെല്ലാം  വിള്ളൽ വീണു.

10 സെന്‍റ് സ്ഥലത്ത് അധികം പഴക്കമില്ലാത്ത ഇരുനില വീടാണ് നിർമാണ കമ്പനിയുടെ അനാസ്ഥ മൂല ഉപേക്ഷിക്കപ്പെട്ട നിലയിലായത്. അരൂരിൽ തന്നെ 12000 രൂപ പ്രതിമാസ വാടകയിലാണ് കൂലിപ്പണിക്കാരനായ മുഹമ്മദും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ 70 സെന്‍റോളെ സ്ഥലത്താണ് കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും കൂട്ടിയിട്ടിരിക്കുന്നത്. 

അരൂർ ദൈവവെളി ക്ഷേത്രത്തിന് സമീപത്ത്  ഉയരപ്പാതയുടെ നിർമാണാവശിഷ്ടങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. ഇവിടെ രണ്ടു വീടുകളുടെ മതിലിടിഞ്ഞ് വീണിരുന്നു. മൺകൂനയും നിർമാണ അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്ന ഈ സ്ഥലങ്ങൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്. സാധ്യത മേഖലകളിൽ സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ ഭിത്തികൾ ശരിയായ രീതിയിലല്ലെന്നും ആരോപണമുണ്ട്. 

ENGLISH SUMMARY:

Sand dunes and construction debris in Alappuzha's Aroor pose a significant disaster risk, forcing residents to evacuate their homes due to structural damage and safety fears. The situation mirrors concerns of landslides, prompting urgent attention to the accumulation of materials near residential areas.