ആലപ്പുഴയിൽ ദേശീയപാത നിർമാണത്തിന് വീണ്ടും ചെളിമണൽ. ഇത്തരം മണൽ ഉപയോഗിക്കുന്നത് റോഡ് ഇടിഞ്ഞു താഴുന്നതിനും ഗർത്തങ്ങൾ ഉണ്ടാകാനും കാരണമാകും എന്ന പരാതികൾ നിലനിൽക്കുമ്പോഴാണ് ചെളികലർന്ന മണ്ണ് ഉപയോഗിച്ച് നിർമാണം തുടരുന്നത്. ഉപയോഗിക്കുന്ന മണലിന്‍റെ ഗുണമേന്മ പരിശോധിക്കാൻ ദേശീയപാത അതോറിറ്റി തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ജനങ്ങളുടെ ആശങ്കയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെയാണ് ദേശീയ പാത അതോറിറ്റിയുടെയും കരാറുകാരന്‍റെയും പ്രവർത്തനം. ആലപ്പുഴ കൊമ്മാടിയിൽ ദേശീയ പാതയിലെ മേൽപാലത്തിന്‍റെ ഭാഗമായ സമീപന പാതയുടെ നിർമാണത്തിനാണ് ചെളിമണ്ണ് ഉപയോഗിക്കുന്നത്. നിർമാണ ജോലികൾക്ക് കായലിൽ നിന്ന് ഖനനം ചെയ്യുന്ന മണ്ണ് ഉപയോഗിക്കുന്നത് പാതയ്ക്ക് ബലക്ഷയത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
കഴിഞ്ഞ രാത്രിയിൽ ഇവിടെ നിക്ഷേപിച്ച നൂറുകണക്കിന് ലോഡ് ചെളിമണ്ണ് ജെസിബി ഉപയോഗിച്ച് നികത്തി കൊണ്ടിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ തന്നെ ചെളി കലർന്നതാണ് ഉയോഗിക്കുന്ന മണ്ണ് എന്ന് വ്യക്തമാകും. ആലപ്പുഴ ബൈപാസിലേക്ക് കടക്കുന്ന മേൽപാലത്തിന് സമീപത്താണ് ഇപ്പോൾ പാത നിർമാണം നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർത്തലയിൽ ഇത്തരം മണ്ണ് ഉപയോഗിച്ച സ്ഥലത്താണ് ഗർത്തം രൂപപ്പെട്ടത്. ഏതുതരം മണ്ണാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാൻ NHAI യുടെ ഒരു ഉദ്യോഗസ്ഥരും എത്താറില്ല . പാതയിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന സമയത്ത് റോഡ് താഴേക്ക് ഇരിക്കാനും വലിയ കുഴികൾ രൂപപ്പെടാനുമുള്ള സാധ്യത ആശങ്കയ്ക്ക് കാരണമായിടുണ്ട്.