കൊച്ചി – ധനുഷ്കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വ്യാപക മണ്ണെടുപ്പ് നടത്തിയതോടെ അപകട ഭീതിയിലാണ് ഇടുക്കിയിലെ നിരവധി കുടുംബങ്ങൾ. മഴ കനത്തത്തോടെ മണ്ണിടിച്ചിലുണ്ടാകുമെന്നാണ് ആശങ്ക. കരാർ കമ്പനി അശാസ്ത്രീയ നിർമ്മാണം നടത്തുന്നുവെന്നാണ് ആരോപണം.
ദേശീയപാത നിർമ്മാണത്തിന്റെ രണ്ടാംഘട്ടമായാണ് ഇടുക്കി വാളറ മുതൽ മൂന്നാർ വരെയുള്ള 40 കിലോമീറ്റർ ഭാഗത്ത് വ്യാപക മണ്ണെടുപ്പ് നടത്തിയത്. അപകട സാധ്യത വർധിച്ചതോടെ നിരവധി കുടുംബങ്ങൾ വീടുവിട്ട് വാടകയ്ക്ക് മാറി. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ കരാർ കമ്പനിക്കെതിരെ നടപടിയെടുത്തിട്ടില്ല. മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ ഭിത്തികൾ ശരിയായ രീതിയിലല്ലെന്നുമാണ് ആരോപണം