കള്ളാടിയില്‍ അപകടത്തില്‍ പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കരാര്‍ കമ്പനിക്ക് മാത്രമാണ് വീഴ്ച എന്ന് പറയാനാവില്ലെന്നും അപകടം മനുഷ്യനിര്‍മിതമെന്ന് മന്ത്രിമാര്‍ പറഞ്ഞത് പ്രാഥമിക വിവരം വച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തസ്ഥലത്തും ആശുപത്രിയിലും ദുരിതാശ്വാസക്യാംപിലും സന്ദര്‍ശിച്ച് വി.ഡി.സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പുഴയില്‍ ആരെങ്കിലും വീണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയും ഓണ്‍ലൈനായി പങ്കെടുത്തു.
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ 5 പേർക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ നാളെ വീണ്ടും പുനരാരംഭിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബാം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടമേഖലയെ നാലായി തിരിച്ചായിരുന്നു പരിശോധന. എൻഡിആർഎഫ്, അഗ്നി രക്ഷാസേന, പൊലീസ് എന്നിവരുടെ 500ലധികം സംഘമാണ് തിരച്ചിൽ നടത്തിയത്.
കെഡാവർ നായകളുടെ സേവനം പ്രയോജനപ്പെടുതിയെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്കുശേഷം കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തി. ഡ്രോൺ ക്യാമറ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തി. കാണാതായ അഞ്ചുപേരും കരാർ കമ്പനി ജീവനക്കാരാണ്.