കള്ളാടി മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങളിൽ കൈകോർത്തോടി അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതികളെ ഇന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി നേരിൽ കണ്ടുവെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. അവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ ദുരന്തത്തിന്റെ ഭീകരത എത്ര വലുതായിരുന്നുവെന്ന് വീണ്ടും മനസ്സിലായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ജീവൻ തിരിച്ചുകിട്ടിയെങ്കിലും നഷ്ടപ്പെട്ടതും നേരിട്ടതുമായ വേദന വാക്കുകളിൽ വിവരിക്കാനാകില്ല. ഈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഓരോ കുടുംബത്തിനൊപ്പവും നാം ഉറച്ചുനിൽക്കണം. അവരുടെ പുനരധിവാസവും ജീവിതത്തിന്റെ പുനർനിർമാണവും നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.' – മുഹമ്മദ് റിയാസ് കുറിച്ചു.
വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ തുരങ്കപാത നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിലിൽ നിന്നാണ് കൂടമ്മാളും ഭർത്താവ് പാൽരാജും അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മരണത്തെ മുന്നിൽ കണ്ട ആ ഭീകര നിമിഷത്തിൽ പരസ്പരം കൈവിടാതെ ഓടിയാണ് ഇവര്‍ ജീവന്‍ രക്ഷപ്പെടുത്തിയത്.
മേപ്പാടിയിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന ദമ്പതികളുടെ നേർക്ക് മലവെള്ളവും മണ്ണും കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഭീകരമായ ഒഴുക്കിൽപെട്ട് നിലത്തു വീണ ഭാര്യ കൂടമ്മാളിനെ ഭർത്താവ് പാൽരാജ് കൈവിടാതെ പിടിച്ചുയർത്തുകയും, പിന്നീട് ഇരുവരും ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു. മണ്ണും വെള്ളവും പാഞ്ഞൊഴുകിയ ആ ദുരന്തമുഖത്തു നിന്നും ദമ്പതികൾ അത്ഭുതകരമായാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്.