TOPICS COVERED

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വയനാട്ടിലേക്ക് മനസും കാതും ചുരം കയറി നില്‍പ്പാണ്. ചുരത്തിന്റെ കാര്‍ക്കശ്യങ്ങളല്ല, സങ്കടത്തിന്റെ എരിതീയിലേക്കുള്ള യാത്ര. അന്ന് കൊടുംമഴയത്ത് ഉള്ളുരുകി വിറങ്ങലിച്ച് നിന്ന് ചൂരല്‍മലയുടെ ഇപ്പുറത്തേക്ക് വീണ്ടും ഒരു ജൂലൈ മാസത്തെ പെരുമഴയത്ത് മനുഷ്യന്‍ ആശങ്കയില്‍ കാടുകയറുന്നു. അഞ്ചുപേരെയാണ് കാണാതായത്. തിരച്ചിലിലാണ് രാവിലെ മുതല്‍. കുടുംബങ്ങളെ ജീവിതങ്ങളെ സ്വപ്നങ്ങളെ ഒഴുക്കിക്കളഞ്ഞ ചൂരല്‍മല ഇത്തവണ തുരക്കുന്നതിന് മുമ്പേ മുന്നറിയിപ്പ് തന്നതാണ്. പക്ഷേ അപ്പോഴും ഒരുപിടി സാധാരണക്കാര്‍, അന്യനാട്ടില്‍ നിന്ന് വന്ന് പെരുമഴയത്ത് പണിയെടുക്കുന്നവരാണ് മണ്ണിനടിയില്‍ ആണ്ടുപോയത്.  

അപകടമേഖലയെ നാലായി തിരിച്ചായിരുന്നു പരിശോധന. എൻഡിആർഎഫ്, അഗ്നി രക്ഷാസേന, പൊലീസ് എന്നിവരുടെ 500ലധികം പേരുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തി.  കാണാതായ അഞ്ചുപേരും കരാർ കമ്പനിയിലെ ജീവനക്കാരാണ്. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടില്ലെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. 

രാവിലെ മേപ്പാടി ചൂരൽമല റോഡിലെ മണ്ണ് പൂർണമായി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചതോടെ കരയ്ക്കപ്പുറവും ഇപ്പുറവുമായി ഒറ്റപ്പെട്ടുപോയവര്‍ക്ക് ആശ്വാസമായി. ഒപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും. പിന്നാലെ ചൂരൽ മല ഭാഗത്ത് കുടുങ്ങിക്കിടന്ന വാഹനങ്ങളെല്ലാം പുറത്തെത്തിച്ചു.

 

ENGLISH SUMMARY:

Wayanad landslide search and rescue operations are underway after five people went missing. The tragedy occurred in the Churammala area during heavy monsoon rains, with the victims being contract workers from outside the state. Authorities, including NDRF and fire services, are conducting extensive searches using over 500 personnel and drones.