അധികാരികളുടെ അനാസ്ഥയിൽ മഴക്കെടുതിയുടെ ദുരിതം പേറി ഒരു കുടുംബം. ആലപ്പുഴ അരൂർ ചന്തിരൂർ ശാസ്താങ്കൽ രാജമ്മയുടെ കുടുംബമാണ് ദുരിതക്കയത്തിലായത്. വെള്ളം ഒഴുകിപ്പോകേണ്ട ഓടയിൽ ഉയരപ്പാത നിർമാണ അവശിഷ്‌ടങ്ങളും മാലിന്യങ്ങളും നിറഞ്ഞതാണ് ഇവരുടെ വീടും പണി ചെയ്യുന്ന ആലയും വെള്ളക്കെട്ടിലാകാൻ കാരണം.
ദേശീയ പാതയുടെയും പഴയ ദേശീയ പാതയുടെയും ഇടയിൽ ചന്തിരൂർ പാലത്തിന് തെക്കുഭാഗത്ത് താഴ്ചയിലാണ് രാജമ്മയുടെ വീട്.അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴകിദ്രവിച്ച വീടിനുള്ളിൽ കാൽ മുട്ടോളം മഴ വെള്ളം കെട്ടി നിൽക്കുകയാണ്. മൂന്നാഴ്ചക്കാലമായി മഴയെ തുടർന്നുള്ള വെള്ളക്കെട്ടിലാണ് സാധു കുടുംബം കഴിയുന്നത്.
മഴ പെയ്ത് നിറയുന്ന വെള്ളം ഒഴുകി പോകാനുള്ള ഓടയിൽ മാലിന്യങ്ങളും ഉയരപ്പാത നിർമാണ അവശിഷ്ടങ്ങളും തളളിയ നിലയിലാണ്. മഴ കടുത്താൽ വീടിനുള്ളിൽ വെള്ളം കയറും. വീടിനു മുന്നിലെ ആലയിൽ ജോലി ചെയ്താണ് ഉപജീവനം നടത്തുന്നത്. രാജമ്മയുടെ മകൻ മനോജും ഭാര്യ മിനിയും രണ്ടു മക്കളുമാണ് ഇവിടെ കഴിയുന്നത്. വെള്ളം ആലയിൽ കയറിയാൽ പണിമുടങ്ങി പട്ടിണിയിലാകുമെന്ന് കുടുംബം പറയുന്നു. പരാതികൾ നൽകിയിട്ടും വർഷങ്ങളായി തുടരുന്ന ദുരിതം തീർക്കാൻ അധികാരികളാരും സഹായിക്കാറില്ലെന്ന് വേദനയോടെ ഇവർ പറയുന്നു.