അപൂർവ ഔഷധച്ചെടികളുടെ കേന്ദ്രമായ പ്രശസ്തമായ ആലപ്പുഴ വണ്ടാനം കാവിൽ മാലിന്യക്കൂമ്പാരം. ദുർഗന്ധത്തെത്തുടർന്ന് മൂക്ക് പൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. അധികൃതരുടെ അനാസ്‌ഥയാണ് ദേശീയ പാതയോട് ചേർന്ന വണ്ടാനം കാവിൻ്റെ പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറാൻ കാരണം. 

വലിയ ചാക്കുകളിൽ നിറച്ച് വിവാഹ സൽക്കാരത്തിലെ ആഹാര അവശിഷ്ടങ്ങൾ, ഹോട്ടൽ, ബേക്കറി, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിലെ മാലിന്യം, ഇറച്ചി,  മത്സ്യ അവശിഷ്ടങ്ങൾ, കോഴിക്കടകളിലെ മാലിന്യം തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും ഈ കാവിന് സമീപം തള്ളുകയാണ്. വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കിറ്റിലാക്കിയാണ് നിക്ഷേപിക്കുന്നത്,  ആഹാര അവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ചിതറി കിടക്കുകയാണ് ഇത് ഭക്ഷിക്കാനായി എത്തുന്ന ഞെരുവ്നായ്ക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ക്ഷേത്രം ഉപദേശകസമിതി കാര്യമായി ഇടപെടുന്നില്ല എന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത

നൂറുകണക്കിന് യാത്രക്കാരും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരും കടന്നുപോകുന്നത് കാവിന് സമീപത്തുള്ള റോഡിൽ കൂടിയാണ്. ദേശീയ പാതയോട് ചേർന്നുള്ള ഈ ഭാഗത്ത് ഇപ്പോൾ മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയില്ല. ദേശീയ പാത വികസനത്തിന് കാവിൻ്റെ കുറച്ചു ഭാഗം ഏറ്റെടുത്തിരുന്നു. ഇതിൻ്റെ നഷ്ട പരിഹാരത്തുക ലഭിച്ചെങ്കിലും കാവിന് ചുറ്റുമതിൽ നിർമിക്കാൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല. മാലിന്യ നിക്ഷേപിക്കുന്നത് വർധിക്കാൻ ഇതാണ് കാരണം.

ENGLISH SUMMARY:

Vandanam Kavu in Alappuzha is facing a severe garbage crisis, with locals struggling to tolerate the stench due to indiscriminate waste dumping. This issue has turned a crucial area near the National Highway into a dumping ground, impacting residents and travelers.